വിളവെടുപ്പിൽ നൂറുമേനിയുമായി പൊട്ടുവെള്ളരി
Mail This Article
കൊടുങ്ങല്ലൂർ ∙ ചൂടിൽ നാടു തിളച്ചു തുടങ്ങി. ഭൗമ സൂചിക പട്ടികയിൽ ഇടം പിടിച്ച കൊടുങ്ങല്ലൂരിന്റെ സ്വന്തം പൊട്ടുവെള്ളരി ആദ്യ വിളവെടുപ്പിൽ തന്നെ നൂറുമേനി. ധനുമാസത്തിൽ പെയ്ത മഴ പൊട്ടുവെള്ളരി കർഷകരെ സാരമായി ബാധിച്ചു. പാടത്ത് ഒരിടത്തും കൃഷി തുടങ്ങാനായില്ല. പറമ്പുകളിൽ കൃഷി തുടങ്ങിയവർ ആദ്യ വിളവെടുപ്പിൽ തന്നെ മുന്നിലാണ്. എടവിലങ്ങ് വത്സാലയത്തിൽ കൃഷി ചെയ്യുന്ന പറക്കോട്ട് സുരേഷ് കുമാറും സംഘവും ആദ്യ വിളവെടുപ്പ് തുടങ്ങി.
കിഴക്കൻ മേഖലയിൽ നിന്നു ചെറു പൊട്ടുവെള്ളരി വിൽപനയിലുണ്ടെങ്കിലും കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി വിളവിലും വിൽപനയിലും മുൻപിലാണ്. കൊടുങ്ങല്ലൂരിനു പുറമെ സമീപ പഞ്ചായത്തുകളായ എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം വെള്ളാങ്ങല്ലൂർ, കയ്പമംഗലം, മാള എന്നിവിടങ്ങളിലും കൃഷി സമൃദ്ധമാണ്. കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്തു മാത്രം 50 ഏക്കർ സ്ഥലത്തു വെള്ളരി കൃഷി ചെയ്യുന്നുണ്ട്. കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി കർഷക ക്ഷേമ വികസന സമിതിയും പൊട്ടുവെള്ളരി കൃഷി പ്രോത്സാഹനത്തിനു വേണ്ടി പ്രവർത്തിക്കുന്നതായി കർഷക സംഘം പ്രസിഡന്റ് സി.എസ്. ഷാജി, സെക്രട്ടറി പോളശേരി ശിവദാസൻ പറഞ്ഞു.