ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ, എങ്കക്കാട് ദേശം: പന്തലുകൾക്കു കാൽനാട്ടി
Mail This Article
വടക്കാഞ്ചേരി ∙ ഉത്രാളിക്കാവ് പൂരത്തിനു മുന്നോടിയായി കുമരനെല്ലൂർ, എങ്കക്കാട് ദേശങ്ങൾ ക്ഷേത്രത്തിനു വടക്കും തെക്കുമായി ഉയർത്തുന്ന ബഹുനില കാഴ്ചപ്പന്തലുകളുടെ കാൽനാട്ടു നടത്തി. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണയ്യർ, കീഴ്ശാന്തി ഹരിഹരയ്യർ, കോമരം പള്ളിയത്ത് മാധവൻ നായർ എന്നിവരുടെ കാർമികത്വത്തിൽ നടന്ന പൂജാ ചടങ്ങുകൾക്കു ശേഷം ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ പാടത്ത് കുമരനെല്ലൂർ ദേശവും തെക്കുഭാഗത്ത് എങ്കക്കാട് ദേശവും പന്തലുകൾക്കു കാൽനാട്ടി.
കുമരനെല്ലൂരിന്റെ പന്തൽ കാൽനാട്ടലിന് ദേശക്കമ്മിറ്റി പ്രസിഡന്റ് എ.കെ.സതീഷ്കുമാർ, ഭാരവാഹികളായ കെ.ആർ.രമേശ്, എ.പി.ജനാർദനൻ, ഡോ. പി.എസ്.മോഹൻദാസ്, ഹരിദാസ് കയറാട്ട് എന്നിവരും എങ്കക്കാടിന്റെ പന്തൽ കാൽനാട്ടലിന് ദേശക്കമ്മിറ്റി പ്രസിഡന്റ് ടി.പി.ഗിരീശൻ, ഭാരവാഹികളായ പി.സേതുമാധവൻ, പി.ജയേഷ്കുമാർ, കെ.പ്രദീപ്, വി.സുഭാഷ്, കെ.അനുമോദ് എന്നിവരും നേതൃത്വം നൽകി.
പൂരം ഏകോപനസമിതി ചീഫ് കോ- ഓർഡിനേറ്റർ വി.സുരേഷ്കുമാർ, ദേവസ്വം ഓഫിസർ ജി.ശ്രീരാജ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.ശ്രീധരൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ, വടക്കാഞ്ചേരി ദേശം പ്രസിഡന്റ് സി.എ.ശങ്കരൻകുട്ടി, നഗരസഭ കൗൺസിലർ പി.എൻ.വൈശാഖ് എന്നിവർ പ്രസംഗിച്ചു.
പൂരത്തിന്റെ മൂന്നാമത്തെ പങ്കാളിത്ത ദേശമായ വടക്കാഞ്ചേരിയുടെ പന്തലിന് ബുധൻ രാവിലെ 9.30ന് വടക്കാഞ്ചേരി ടൗണിൽ പൂരക്കമ്മിറ്റി ഓഫിസിനു മുമ്പിൽ കാൽനാട്ടും. 27നാണ് ഉത്രാളിക്കാവ് പൂരം. പറ പുറപ്പാട് 20 നും. പറ പുറപ്പാടിന് 3 ദേശങ്ങളും ചേർന്നാണു വെടിക്കെട്ട് നടത്തുക. സാംപിൾ വെടിക്കെട്ട് 25ന് വടക്കാഞ്ചേരി ദേശവും പൂരദിനത്തിലെ വെടിക്കെട്ട് എങ്കക്കാട് ദേശവും നടത്തും. 28നു പുലർച്ചെയുള്ള വെടിക്കെട്ട് കുമരനെല്ലൂർ ദേശമാണു നടത്തുക.