‘ഭാരത് അരി’ വിതരണം 10 ദിവസത്തിനകം തൃശൂർ ജില്ല മുഴുവൻ
Mail This Article
തൃശൂർ∙ സംസ്ഥാനതല ഫ്ലാഗ് ഓഫിനു പിന്നാലെ പരീക്ഷണാടിസ്ഥാനത്തിലുള്ള അരി വിതരണമാണ് തൃശൂർ ജില്ലയിൽ നടന്നതെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പിനു കീഴിലുള്ള നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്) അറിയിച്ചു. 10 ദിവസത്തിനുള്ളിൽ ജില്ലയിലുടനീളം അരി വിതരണം വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നും ജില്ലാതല ഉദ്ഘാടനം ഉടൻ നടത്തുമെന്നും എൻസിസിഎഫ് അറിയിച്ചു. കേന്ദ്ര ഭക്ഷ്യ വകുപ്പ് നേരിട്ടു ലോറികളിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽ എത്തിച്ച അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്തായിരുന്നു ജില്ലയിലെ വിതരണം.
കിലോയ്ക്ക് 29 രൂപയാണ് വില. തൃശൂരിൽ മാത്രം 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന. അരിയ്ക്കു പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാൾ വിലക്കുറവില്‍ ലഭിക്കും. കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില.എഫ്സിഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നത്. മില്ലേഴ്സ് അസോസിയേഷൻ മുഖേനയാണ് വിതരണം. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും സാധനങ്ങളുമായി വാഹനങ്ങൾ എത്തുമെന്നാണ് വിവരം. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിറ്റിരുന്നു. ഓൺലൈൻ മുഖേന ഇതു വാങ്ങാൻ ഉടൻ സൗകര്യം നിലവിൽ വരും. അതേസമയം കേന്ദ്രത്തിന്റ അരി വിൽപന രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു.