യുവതി ജീവനൊടുക്കിയ സംഭവം: ഭർതൃപിതാവ് ചെന്നൈയിൽ പിടിയിൽ
Mail This Article
പെരുമ്പിലാവ് ∙ കല്ലുംപുറത്ത് ഗാർഹിക പീഡനം മൂലം യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർതൃപിതാവ് കല്ലുംപുറം പുത്തൻപീടികയിൽ അബൂബക്കറിനെ (62) കുന്നംകുളം എസിപി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ചെന്നൈയിൽ അറസ്റ്റ് ചെയ്തു. അബൂബക്കറിന്റെ മകൻ സൈനുൽ ആബിദിന്റെ ഭാര്യ സബീനയാണു (25) 2023 ഒക്ടോബർ 25ന് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത്.
സബീനയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവിന്റെ പിതാവ് അബൂബക്കർ, മാതാവ് ആമിനക്കുട്ടി, സഹോദരൻ അബ്ബാസ് എന്നിവർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ, ഭർതൃഗൃഹത്തിൽ സബീന മാനസികമായും ശാരീരികമായും പീഡനം നേരിട്ടിരുന്നതായി കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.
ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അബൂബക്കർ ഒളിവിൽ പോയത്. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും കുന്നംകുളം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ ഒളിത്താവളത്തെക്കുറിച്ച് വിവരം കിട്ടിയതിനെ തുടർന്നു കുന്നംകുളം പൊലീസ് 2 ദിവസം മുൻപു ചെന്നൈയിൽ എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സ്വർണവും പണവും ചോദിച്ചു മകളെ ഭർത്താവും ഭർത്താവിന്റെ പിതാവും മാതാവും സഹോദരനും നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കൽ സലീം പറയുന്നു. 40 പവൻ സ്വർണം സ്ത്രീധനമായി നൽകിയിരുന്നു. പിന്നീട് പലതവണയായി 7 പവൻ സ്വർണവും 12 ലക്ഷം രൂപയും നൽകി. എന്നാൽ മാനസികവും ശാരീരികവുമായ പീഡനം തുടരുകയാണ് ഉണ്ടായതെന്നു സലീം പറഞ്ഞു.