മുല്ലശേരിയിൽ ഭാരത്അരി വിതരണം തടഞ്ഞു; 100 മീറ്റർ മാറി തോളൂർ പഞ്ചായത്തിൽ അരി വിതരണം ചെയ്തു
Mail This Article
മുല്ലശേരി ∙ പഞ്ചായത്ത് ഏഴാം വാർഡായ ഉൗരകത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനാൽ പെരുമാറ്റചട്ടം കണക്കിലെടുത്ത് ഭാരത് അരിയുടെ വിതരണം പൊലീസും വരണാധികാരിയും ചേർന്നു തടഞ്ഞു. കിലോയ്ക്ക് 29 രൂപ വിലയുള്ള 1000 കിലോ അരിയാണ് 20 കിലോ വീതമുള്ള പാക്കറ്റുകളിൽ എൻസിസിഎഫ് എത്തിച്ചത്. ബിജെപിക്കാർ തടിച്ചുകൂടിയതോടെ പെരുമാറ്റചട്ടം ലംഘനം ചൂണ്ടിക്കാട്ടി, എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തടയാനെത്തി.
പാവറട്ടി എസ്ഐ ഡി. വൈശാഖന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അരി വിതരണം നിർത്തിച്ച് വിവരം വരണാധികാരിയെ അറിയിച്ചു. ഇതോടെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കമായി. അരി വിതരണം ബിജെപിയല്ല നടത്തുന്നതെന്നും കേന്ദ്ര സർക്കാർ ഏജൻസിയാണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒന്നും ഇല്ലെന്നും ബിജെപി മണ്ഡലം ഭാരവാഹികളായ ധനീഷും മനോജ് മാനിനയും വാദിച്ചു. വരണാധികാരി തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു പൊലീസ്.
60 പാക്കറ്റ് അരി ഇതിനകം വിതരണം ചെയ്തു കഴിഞ്ഞിരുന്നു. ഉച്ചയോടെ വരണാധികാരി ബി.ടി. ലൗസി സ്ഥലത്തെത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും ജില്ലാ കലക്ടറെയും ബന്ധപ്പെട്ട ശേഷം അരി വിതരണം പാടില്ലെന്നു വരണാധികാരി നോട്ടിസ് നൽകി. ബിജെപി പ്രവർത്തകർ വാർഡിന്റെ അതിർത്തിയിൽ നിന്നു 100 മീറ്റർ മാത്രം അകലെയുള്ള തോളൂർ പഞ്ചായത്തിൽ അരി എത്തിച്ച് വിതരണം നടത്തി.
22നാണ് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിലെ മോഹനൻ വാഴപ്പുള്ളി മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ബിജെപിയും ഒപ്പത്തിനൊപ്പമുള്ള വാർഡിൽ ശക്തമായ ത്രികോണ മത്സരമാണു നടക്കുന്നത്.