ADVERTISEMENT

മറ്റത്തൂർ ∙ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലും ദേശീയ മീറ്റിലും തൊട്ടതെല്ലാം പൊന്നാക്കിയ ഉഷ മാണി (62) മറ്റത്തൂർ പഞ്ചായത്തിന്റെ അഭിമാനം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഉഷാ മാണി വാരിക്കൂട്ടിയത് 4 സ്വർണം. 100, 200 മീറ്റർ ഓട്ടം, ലോങ്ജംപ്,100 x 400 മീറ്റർ റിലേ എന്നിവയിലാണ് വേഗറാണിയായത്. കാസർകോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ ഡിസ്കസ് ത്രോ, ലോങ്ജംപ് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. 5 വർഷം മുൻപ് മലപ്പുറത്ത് നടന്ന കുടുംബശ്രീ സംസ്ഥാന കായികമേളയിൽ മത്സരിച്ച 3 ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. 

കേരളവർമ കോളജിൽ നടന്ന മാസ്റ്റേഴ്സ് മീറ്റിലും കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന ഖേലോ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലും പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മറ്റത്തൂർ പഞ്ചായത്തിലെ കടമ്പോട് ഇല്ലത്തുപറമ്പിൽ പരേതനായ മാണിയുടെ ഭാര്യയായ ഉഷ മാണി കൊടകര ബ്ലോക്ക് പഞ്ചായത്ത്  മുൻ വൈസ് പ്രസിഡന്റും 2 തവണ വെള്ളിക്കുളങ്ങര സഹകരണ ബാങ്ക് ഡയറക്ടറും ആയിരുന്നു. മകൻ പ്രവീൺകുമാർ ചാലക്കുടി വെട്ടിക്കുഴി നോട്ടർഡാം സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനും മകൾ പ്രിയങ്ക ഇരിങ്ങാലക്കുട വനിത സഹകരണ സംഘം ജീവനക്കാരിയുമാണ്.

കൊടകര ∙പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാല വനിതാ വേദി അംഗങ്ങൾ നടത്തിയ രാജ്യാന്തര വനിതാ ദിനം പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി.രജീഷ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരി എ.എ. രാധാമണി, സി.എം.അഭിലാഷ് എന്നിവരെ ആദരിച്ചു. മോട്ടിവേറ്റർ നേഹമേനോൻ ക്ലാസ് നയിച്ചു. എം.കെ.ഡെയ്നി, അപർണ പ്രസീദ്, റീമ അഭിലാഷ്, പാർവതി, ഇ കെ രാജലക്ഷ്മി, ദിവ്യാ ഷാജു, എം.എം..ഗോപാലൻ, ഷിനി ജെയ്സൺ, വനിത വേദി ചെയർപഴ്സൻ മഞ്ജു വിശ്വനാഥ്, ലൈബ്രേറിയൻ സുഷമ ടി. ശാന്തൻ എന്നിവർ പ്രസംഗിച്ചു.

അതിരപ്പിള്ളി ∙ ലോക വനിതാ ദിനത്തിൽ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത്, റോട്ടറി അതിരപ്പിള്ളി. വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരായ പ്രമുഖ വ്യക്തികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ പ്രശാന്ത് മാത്യു, പഞ്ചായത്ത് സെക്രട്ടറി ഇ.ജെ.ഫോർബി, നഴ്സിങ് ഓഫിസർ കെ.ആർ.ലതി, പഞ്ചായത്തംഗങ്ങളായ സൗമിനി മണിലാൽ, സനീഷ ഷെമി, അഷിത രമേഷ്, റിജേഷ്, നടാഷ വിജയൻ എന്നിവർ പ്രസംഗിച്ചു.

ചാലക്കുടി ∙ റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ ട്രസ്റ്റ് വനിതാ വിഭാഗവും ഇന്നർവീൽ ക്ലബ്ബും വനിതാ ദിനാഘോഷം ഇന്ന് 3 മുതൽ ഡ്രീംസ് പ്ലാസ ഓഡിറ്റോറിയത്തിൽ നടത്തും. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു ഉദ്ഘാടനം നിർവഹിക്കും. പ്രഫ. ജിലു മാത്യൂസ് സ്ത്രീത്വം - സാധ്യതകളും പരിമിതികളും വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്നു റൂറൽ വനിതാ സെല്ലിന്റെ നേതൃത്വത്തിൽ മോക് ഡ്രിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com