ഇന്ന് ജലദിനം; ജലസമൃദ്ധിയുമായി അരുവായി കുഞ്ഞുകുളം
Mail This Article
പഴഞ്ഞി∙ കനത്ത വേനലിൽ കുളങ്ങളും തോടുകളും കിണറുകളും വറ്റുമ്പോൾ അരുവായി കുഞ്ഞുകുളത്തിൽ ജലസമൃദ്ധിയാണ്. കാട്ടകാമ്പാൽ പഞ്ചായത്തിലെ ഏറ്റവും വലിയ പൊതുകുളമായ കുഞ്ഞുകുളത്തിൽ വെള്ളം വറ്റിയത് പഴമക്കാർക്ക് പോലും ഓർമയില്ല.ഏക്കറോളം വിസ്തൃതിയിലാണ് അരുവായി റോഡരികിലുള്ള ഈ കുളമുള്ളത്.മുൻപ് കുളിക്കാനും വസ്ത്രങ്ങൾ കഴുക്കാനും ഒട്ടേറെ പേർ ഇവിടെയെത്തിയിരുന്നു.ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുളത്തിന്റെ ഒരുവശത്ത് നടപ്പാതയും സംരക്ഷണഭിത്തിയും നിർമിച്ച് മനോഹരമാക്കിയിരുന്നു.
ഇതോടെ ഒട്ടേറെ പേർ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെയെത്തുന്നുണ്ട്. കുളത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നത് സമീപവാസികൾക്കും അനുഗ്രഹമാണ്.ഈ ഭാഗത്തെ കിണറുകളിലെ വെള്ളത്തിന്റെ തോത് കുറയാതെ നിലനിൽക്കുന്നത് കുഞ്ഞുകുളം കാരണമാണെന്ന് നാട്ടുകാർ പറയുന്നു. മുൻപ് അരുവായി പാടശേഖരത്തേക്ക് ഈ കുളത്തിൽ നിന്നും വെള്ളം പമ്പ് ചെയ്തിരുന്നു.ഇപ്പോൾ പഞ്ചായത്തുതല കേരളോത്സവത്തിൽ നീന്തൽ മത്സരങ്ങൾ നടക്കുന്നത് ഈ കുളത്തിലാണ്.കുഞ്ഞുകുളം കേന്ദ്രീകരിച്ച് നീന്തൽ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.