മൂന്നു മണ്ഡലങ്ങളിൽ ജയിച്ചവർ അഞ്ച്
Mail This Article
ലോക്സഭയിൽ മൂന്നു മണ്ഡലങ്ങളെ പ്രതിനിധീകരിക്കുക അത്യപൂർവമാണ്. കേരളത്തിൽ ഒന്നിലേറെ മണ്ഡലങ്ങളിൽ ജയിച്ചവർ ഒട്ടേറെയുണ്ടെങ്കിലും മൂന്നിടത്തു ജയിച്ചവർ അഞ്ചുപേരാണ്. അവരിൽ മൂന്നുപേർ തൃശൂർ ജില്ലയിൽ നിന്നു വിജയിച്ചവരാണ്. രണ്ടുപേർ ഒരേ മണ്ഡലങ്ങളിലാണു ജയം കണ്ടത്. എന്നാൽ ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലം മാറി, നാലിടത്തു ജയിച്ച് റെക്കോർഡിട്ട ആളും കേരളത്തിലുണ്ട്. സിപിഎം നേതാവ് എ.കെ.ഗോപാലനും കോൺഗ്രസ് നേതക്കളായ പി.സി. ചാക്കോയും എ.സി.ജോസും മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടും സിപിഐ നേതാവ് സി.കെ.ചന്ദ്രപ്പനുമാണ് മൂന്നു മണ്ഡലങ്ങളിൽ നിന്നു ലോക്സഭയിലേക്കു പോയത്.
ജോസും ചാക്കായും തൃശൂർ, മുകുന്ദപുരം, ഇടുക്കി മണ്ഡലങ്ങളിൽ മത്സരിച്ചു ജയിച്ചു. 1991ൽ തൃശൂരിലെത്തിയ ചാക്കോ മൂന്നാമങ്കത്തിനിറങ്ങിയ വി.വി.രാഘവനെ വീഴ്ത്തി. 1996 ൽ കെ. കരുണാകരനു വേണ്ടി കളം മാറി. മുകുന്ദപുരത്തേക്കു മാറിയ ചാക്കോ വിജയിച്ചപ്പോൾ തൃശൂരിൽ കരുണാകരൻ തോറ്റു. 1998ൽ വീണ്ടും ഇടുക്കിയിലേക്കു പോയ ചാക്കോ മൂന്നാം ജയം സ്വന്തമാക്കി.1996ൽ ഇടുക്കിയിൽ ജയിച്ച എ.സി ജോസ് 1998ൽ മുകുന്ദപുരത്തേക്കു ചേക്കറി വിജയമുറപ്പിച്ചു. എന്നാൽ 1999ൽ കെ.കരുണാകരനു സുരക്ഷിത മണ്ഡലമായി മുകുന്ദപുരത്തെ കണ്ടപ്പോൾ ജോസ് തൃശൂരേക്കു മാറി.
ഇരുവർക്കും ജയം എന്നാൽ, 1999 പുതുമണ്ഡലം തേടി കോട്ടയത്തു മത്സരിച്ച ചാക്കോയെ വിജയം തുണച്ചില്ല. 2009ൽ വീണ്ടും തൃശൂരിൽ നിന്നു ലോക്സഭയിലെത്തി ചാക്കോ. എ.കെ. ഗോപാലൻ എന്ന എകെജി കണ്ണൂർ, കാസർകോട്, പാലക്കാട് മണ്ഡലങ്ങളിലാണ് വിജയം കണ്ടത്. സുലൈമാൻ സേട്ട് മഞ്ചേരി, പൊന്നാനി, കോഴിക്കോട് മണ്ഡലങ്ങളുടെ പ്രതിനിധിയായി. ആദ്യ ലോക്സഭയിൽ ഏറ്റവും കൂടുതൽ അംഗബലമുള്ള പ്രതിപക്ഷം കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.
അതിനാൽ പ്രതിപക്ഷ നേതാവായി കണക്കാക്കിയിരുന്നത് എകെജിയെ ആയിരുന്നു. 1952ൽ കണ്ണൂർ 1957, 62, 67 വർഷങ്ങളിൽ കാസർകോട്, 1971 ൽ പാലക്കാട് മണ്ഡലങ്ങളിലായിരുന്നു ജയം. മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന സുലൈമാൻ സേട്ട് 1967ൽ ഇടതുമുന്നണിയിലും 1971 ൽ ഐക്യമുന്നണിയിലുമായി കോഴിക്കോട്ട് വിജയിച്ചു. 1977,80, 84, 89 വർഷങ്ങളിൽ മഞ്ചേരിയിലും 1991ൽ പൊന്നാനിയിലും വിജയിച്ചു. സിപിഐ. ഐക്യമുന്നണിയിലായിരുന്നപ്പോൾ 1971 ൽ തലശേരിയിൽ നിന്ന് ആദ്യമായി വിജയിച്ച സി.കെ. ചന്ദ്രപ്പൻ.
1977 ൽ മണ്ഡലം കണ്ണൂരായപ്പോഴും വിജയം ആവർത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷമാണ് 2004 ൽ തൃശൂരിൽ നിന്ന് മത്സരിച്ച് ജയിച്ചത്.. എ.കെ ആന്റണി,വയലാർ രവി എന്നിവരുടെ ഉറ്റ സുഹൃത്തും രാഷ്ട്രീയ എതിരാളിയുമായിരുന്ന ചന്ദ്രപ്പൻ,1987 ലും 1991ലും വയലാർ രവിക്കും 1996 ലും 2001 ലും എ.കെ ആന്റണിക്കും എതിരെ ചേർത്തലയിൽ നിയമസഭയിലേക്ക് മത്സരിച്ചു. 1991വിജയിച്ചു. ചേർത്തല സ്വദേശിയായ ചന്ദ്രപ്പൻ എഐവൈഎഫിന്റെ ദേശീയ ഭാരവാഹിയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയാരിക്കെ 2012 മാർച്ച് 22 ന് അന്തരിച്ചു.