ADVERTISEMENT

∙ ലോക്സഭയിലേക്കു നാലു മണ്ഡലങ്ങളിൽ നിന്നു ജയം. ദേശീയ തലത്തിൽ മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവു, അടൽ ബിഹാരി വാജ്പേയി തുടങ്ങിയവർക്കു മാത്രമുള്ള അത്യപൂർവ റെക്കോർഡിന് ഉടമയായി ഒരു മലയാളിയുണ്ട്. പ്രമുഖ സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പികെവി എന്ന പി.കെ.വാസുദേവൻ നായരാണു കേരളത്തിലെ നാലു ലോക്സഭാ മണ്ഡലങ്ങളിൽ നിന്നു വിജയിച്ചു റെക്കോർഡിട്ട മലയാളി.

വാജ്പേയി അഞ്ചും റാവു നാലും മണ്ഡലങ്ങളിൽ നിന്നു ലോക്സഭയിലെത്തി. പികെവിയുടെ വിജയം കേരളത്തിൽ നിന്നു മാത്രമായപ്പോൾ വാജ്പേയിയും റാവുവും മൂന്നു വീതം സംസ്ഥാനങ്ങളിൽ നിന്നാണു വിജയം കണ്ടത്.

1979ൽ മുഖ്യമന്ത്രിയാവും മുൻപു മൂന്നു തവണ ലോക്സഭാംഗമായി. 1957ൽ തിരുവല്ലയിലും 1962ൽ അമ്പലപ്പുഴയിലും (ഇന്നത്തെ ആലപ്പുഴ) 1967ൽ പീരുമേട്ടിൽ നിന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റിൽ ലോക്സഭയിലെത്തി. പികെവി വിജയിച്ച മൂന്നു മണ്ഡലങ്ങളും ആ പേരിൽ ഇന്നില്ല. മൂന്നും പുതിയ പേരിലേക്കു മാറിയെന്ന പ്രത്യേകതയുമുണ്ട്. 1970ൽ സിപിഐ ഇടതുമുന്നണി വിട്ടു കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയുടെ ഭാഗമായി.

1977ൽ ആലപ്പുഴയിൽ നിന്നു നിയമസഭയിലെത്തിയ പികെവി, കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിൽ വ്യവസായ മന്ത്രിയും 1979ൽ മുഖ്യമന്ത്രിയുമായി. ഇടതു മുന്നണി രൂപീകരിക്കാനായി സിപിഐ സഖ്യം വിട്ടപ്പോൾ പികെവി മുഖ്യമന്ത്രി പദം ഉപേക്ഷിച്ചു   ഇടതുമുന്നണി സ്ഥാനാർഥിയായി 1980ൽ ആലപ്പുഴയിൽ വീണ്ടും വിജയിച്ച പികെവി,1982ൽ ആലപ്പുഴയിൽ നിയമസഭയിലേക്കുള്ള മൂന്നാം മത്സരത്തിൽ ചരിത്രത്തിലാദ്യമായി തോൽവിയറിഞ്ഞു. 

അതോടെ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിന്ന പികെവി രണ്ടു പതിറ്റാണ്ടിനു ശേഷം പാർട്ടി നിർബന്ധത്തിനു വഴങ്ങി 2004ൽ തിരുവനന്തപുരത്തു നിന്നു ലോക്സഭയിലേക്കു മത്സരിച്ചു. വൻ ഭൂരിപക്ഷത്തിൽ ജനം പികെവിയെ  വീണ്ടും ലോക്സഭയിലേക്കയച്ചപ്പോൾ അത് ആരും ഭേദിക്കാത്ത റെക്കോർഡായി. പികെവിക്കു പക്ഷേ, തന്റെ കാലാവധി പൂർത്തിയാക്കാനായില്ല. മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും അന്തസ്സുറ്റ വ്യക്തിത്വത്തിനുടമയുമായി അറിയപ്പെട്ട അദ്ദേഹം 2005 ജൂലൈ 12ന് വിടവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com