നിറങ്ങൾ വാരി വിതറി; മാളയിലെ ഹോളി അഥവാ മഞ്ഞക്കുളി
Mail This Article
മാള ∙ നിറങ്ങളും ഗുരുതി വെള്ളവും വാരിവിതറി ചെന്തുരുത്തി ഓം മഹാവിഷ്ണു ക്ഷേത്രത്തിൽ മഞ്ഞക്കുളി. മേഖലയിലെ കുഡുംബി സമുദായക്കാരാണ് നാടൻ ഹോളി എന്ന പേരിലറിയപ്പെടുന്ന മഞ്ഞക്കുളി ആഘോഷിക്കുന്നത്. ശിവരാത്രി കഴിഞ്ഞുള്ള വെളുത്തവാവ് ദിനമാണു മഞ്ഞക്കുളി ക്ഷേത്രാങ്കണത്തിൽ നടക്കുന്നത്.
വഞ്ചിയിൽ ചുണ്ണാമ്പും, മഞ്ഞളും കലക്കി ഗുരുതി വെള്ളം ഒരുക്കിയ ശേഷം ക്ഷേത്ര ദർശനം കഴിഞ്ഞെത്തുന്ന പുരുഷന്മാരുടെ ശരീരത്തിലേക്ക് അത് കോരിയൊഴിക്കുന്നതാണ് മഞ്ഞക്കുളി എന്ന പേരിൽ അറിയപ്പെടുന്നത്. ഗോവ രത്നഗിരിയിൽ നിന്നു പലായനം ചെയ്തെത്തിയ മുൻഗാമികളാണു ചെന്തുരുത്തിയടക്കമുള്ള ഭാഗങ്ങളിൽ മഞ്ഞക്കുളി ആരംഭിച്ചത്.
ഹോളികയെ വധിച്ച പ്രഹ്ളാദനെ കാണാൻ ഭഗവാൻ ശ്രീരാമൻ തോണിയിലെത്തുന്ന സങ്കൽപമാണു ചടങ്ങിന്റെ ആധാരം. മാളച്ചാലിന്റെ ഭാഗമായ ചെന്തുരുത്തി കശുവണ്ടി കമ്പനിക്കു സമീപമുള്ള തോടിനു സമീപത്തു നിന്നാണു ചടങ്ങുകൾ ആരംഭിക്കുന്നത്. കര മൂപ്പന്മാരായ കുറിയേടത്ത് പറമ്പിൽ ഗോപാലൻ, ഓളിപ്പറമ്പ് ഗോപി എന്നിവർ ഗുരുതി തയാറാക്കാനുള്ള വഞ്ചി താലസംഘത്തിനു കൈമാറും.
ഈ വഞ്ചി മുകളിലേക്കുയർത്തിയും താഴ്ത്തിയും ക്ഷേത്രത്തിലേക്ക് ബാക്കിയുള്ളവർ കൊണ്ടുവരും. മേളവും അകമ്പടിയായി ഉണ്ടാകും. ക്ഷേത്രാങ്കണത്തിലെത്തുമ്പോൾ ഹോളിക്കു സമാനമായി സമുദായംഗങ്ങളും ചടങ്ങിനെത്തിയവരും മുഖത്ത് വിവിധ നിറങ്ങളിലുള്ള ചായം അനോന്യം വാരി വിതറും. ഇതു കഴിഞ്ഞാൽ മഞ്ഞക്കുളിയിൽ പങ്കെടുക്കുന്ന പുരുഷന്മാർ ക്ഷേത്രത്തിലെത്തി തൊഴുത് വലംവയ്ക്കും, തുടർന്ന് മഞ്ഞക്കുളിക്കു തയാറാക്കിയ ഗുരുതിയിരിക്കുന്ന ഭാഗത്തേക്ക് ഓടിയെത്തും. ഇവരുടെ ശരീരത്തിലേക്ക് തയാറാക്കി വച്ചിരിക്കുന്ന വെള്ളം ഒഴിക്കുന്നതാണ് പ്രധാന ചടങ്ങ്. വനിതകൾക്കായി വീടുകളിലേക്ക് ഈ വെള്ളം കൊടുത്തുവിടും.