നിർത്തിയിട്ടിരുന്ന കാർ നിരങ്ങി തുണിക്കടയിലേക്ക് ഇടിച്ചു കയറി
Mail This Article
മാള ∙ ടൗണിലെ ഷോപ്പിങ് കോംപ്ലക്സിനു മുൻപിൽ നിറുത്തിയിട്ടിരുന്ന കാർ പിന്നോട്ട് നിരങ്ങി എതിർവശത്തെ തുണിക്കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് സംഭവമുണ്ടായത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഓർക്കിഡ് ഫാബ് എന്ന കടയിലേക്കാണ് റോഡിന്റെ എതിർവശത്തെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ പാർക്ക് ചെയ്ത കാർ പിറകോട്ട് നിരങ്ങിയിറങ്ങി ഇടിച്ചു കയറിയത്. കടയുടെ മുൻവശത്തെ ചില്ലു വാതിലുകൾ തകർന്നു. അകത്തുള്ള ഫർണീച്ചറിനും കേടുപാടുകൾ ഉണ്ട്.
കാറിന്റെ ഹാൻഡ് ബ്രേക്കിടാതിരുന്നതാണ് പുറകോട്ടു പോകുവാൻ കാരണമായി പറയപ്പെടുന്നത്. റോഡിന്റെ നിരപ്പിൽ നിന്ന് താരതമ്യേന ഉയർന്ന ഭാഗത്താണ് കാർ പാർക്ക് ചെയ്തിരുന്നത്. വാഹനങ്ങൾക്ക് ഓടിച്ചു കയറ്റാനായി ചരിച്ചാണ് കോൺക്രീറ്റ് ചെയ്തിരുന്നത്. പൊതുവെ തിരക്കേറിയ റോഡിൽ ഈ സമയം വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കാർ ഉടമസ്ഥനെത്തിയ ശേഷമാണ് പുറത്തേക്കിറക്കിയത്.