ADVERTISEMENT

∙ വോട്ടെണ്ണലിന്റെ അവസാനം വരെ എല്ലാവരെയും മുൾമുനയിൽ നിർത്തി ഭൂരിപക്ഷം അഞ്ഞൂറോ ആയിരവും രണ്ടായിരവുമായി ചുരുങ്ങിയാലോ? ലോക്സഭാ മണ്ഡലങ്ങളിൽ  ലക്ഷക്കണക്കിനു വോട്ടർമാരുള്ളപ്പോൾ ഭൂരിപക്ഷം ഇങ്ങനെ ചെറുതാവുന്നത് അപൂർവമാണ്. മിക്കപ്പോഴും പതിരായിരങ്ങളും ലക്ഷങ്ങളും കടക്കുന്നതു പതിവാണ്. അങ്ങനെ നേരിയ വോട്ടിനു  കടന്നുകൂടിയവരും വിജയം കൈവിട്ടവരും കേരളത്തിൽപോലും  ഏറെപ്പേരുണ്ട്. അഞ്ചും പത്തും ലക്ഷം പേർ വോട്ടു ചെയ്യുന്ന പല തിരഞ്ഞെടുപ്പകളിലും 2500 വോട്ടു പോലും ഭൂരിപക്ഷമില്ലാതെ ലോക്‌സഭയിലേക്കു ജയം കണ്ട 14 പേർ കേരളത്തിലുണ്ട്. ഇവരിൽ മൂന്നുപേർ ജയിച്ചത് ആയിരത്തിൽ താഴെ വോട്ടിനു മാത്രമാണ്.

തൃശൂരിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണു നേരിയ ഭൂരിപക്ഷം ജയ–പരാജയം നിശ്ചയിച്ചത്. 1996ൽ കോൺഗ്രസിലെ മുൻ മുഖ്യമന്ത്രി കെ.കരുണാകരനും വി.വി.രാഘവനും (സിപിഐ) ഏറ്റുമുട്ടിയപ്പോൾ. 1420 വോട്ടിന് വി.വി.രാഘവനായിരുന്നു ജയം. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം മൂവാറ്റുപുഴ മണ്ഡലത്തിലാണ്. 2004ൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന ഐഎഫ്ഡിപി നേതാവ് പി.സി.തോമസ് വെറും 529 വോട്ടിനാണ് വിജയിച്ചത്. പരാജയപ്പെട്ട സിപിഎം സ്ഥാനാർഥി പി.എം.ഇസ്മായിലിന്റെ പരാതിയിൽ തോമസിനെ പിന്നീട് കോടതി അയോഗ്യനാക്കി.

തോമസിന് 2,56,411 വോട്ടും ഇസ്മായിലിന് 2,55,882 വോട്ടുമാണ് കിട്ടിയത്. മൂന്നാമതായ ജോസ് കെ.മാണിക്ക് 2,09,880 വോട്ട്. കോഴിക്കോട് മണ്ഡലത്തിൽ 1962 മുസ്‌ലിം ലീഗിലെ സി.എച്ച്.മുഹമ്മദ് കോയ ജയിച്ചത് 763 വോട്ടിനു മാത്രമാണ്. 2009ൽ ഇവിടെ കോൺഗ്രസിലെ എം.കെ.രാഘവന്റെ കന്നി വിജയം 838 വോട്ടിനാണ്. ഇപ്പോഴത്തെ സംസ്ഥാന മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ (സിപിഎം)യാണ് തോൽപിച്ചത്. 2004ൽ ആലപ്പുഴയിൽ വി.എം.സുധീരൻ (കോൺഗ്രസ്) ഡോ.കെ.എസ്.മനോജിനോട്  (സിപിഎം) പരാജയപ്പെട്ടത് 1009 വോട്ടിനാണ്. 1991ൽ ചിറയിൻകീഴിൽ (ഇന്നത്തെ ആറ്റിങ്ങൽ) സുശീല ഗോപാലൻ (സിപിഎം) ജയിച്ചത് 1106 വോട്ടിനും മാവേലിക്കരയിൽ 1984ൽ ജനതാപാർട്ടിയിലെ തമ്പാൻ തോമസ് 1287 വോട്ടിനും 1998ൽ പി.ജെ.കുര്യൻ (കോൺഗ്രസ്) 1261 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലുമാണ് ജയിച്ചത്.

പാലക്കാട്ട് 1989ൽ എ.വിജയരാഘവൻ (സിപിഎം) വി.എസ്.വിജയരാഘവനെ വീഴ്ത്തിയത് 1286 വോട്ടിന്.  2009ൽ എം.ബി.രാജേഷ് (സിപിഎം) ഇവിടെ വിജയിച്ചത് 1820 വോട്ടുകൾക്കു മാത്രമാണ്. 1989ൽ കാസർകോട്ട് എം.രാമണ്ണ റായിയുടെ  (സിപിഎം) വിജയം 1548 വോട്ടിനും കണ്ണൂരിൽ 1998ൽ മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്) അന്നത്തെ മന്ത്രി എ.സി.ഷൺമുഖദാസിനെ (എൽഡിഎഫ്) വീഴ്ത്തിയത് 2180 വോട്ടിനുമാണ്. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ രണ്ടു പേരാണ് എറണാകുളത്ത് നിന്ന് ലോക്സഭയിലേക്ക് പോയത്. 1952ൽ കോൺഗ്രസിലെ എ.എം.തോമസും (1736 വോട്ട്) 1980ൽ കോൺഗ്രസ് (ഐ) യിലെ സേവ്യർ അറയ്ക്കലും (2502 വോട്ട്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com