പുന്നയൂർക്കുളം ∙ നഷ്ടപരിഹാരത്തുക സംബന്ധിച്ച തർക്കത്തെ തുടർന്നു പൊളിക്കാതിരുന്ന ദേശീയപാതാ ഭൂമിയിലെ വീടുകളും കെട്ടിടങ്ങളും പൊലീസ് സംരക്ഷണത്തിൽ പൊളിച്ചുതുടങ്ങി. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതലാണ് പൊളിക്കൽ. പുന്നയൂർ അകലാട് വരെ ഇങ്ങനെ 5 കെട്ടിടങ്ങളാണ് ഉള്ളത്. ഇവ പൊളിക്കാത്തതിനാൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയിരുന്നില്ല.
ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ ഉടമകൾ സ്വന്തം നിലയ്ക്കു പൊളിക്കണം. കെട്ടിട ഭാഗങ്ങൾ ഉടമയ്ക്കു തന്നെ എടുക്കാം. ഇതിനു നഷ്ടപരിഹാരത്തുകയിൽ നിന്ന് 6 ശതമാനം കുറയ്ക്കും. എന്നാൽ നഷ്ടപരിഹാരം നിശ്ചയിച്ചതിലെ അപാകതകളും സ്വത്ത് ഭാഗിക്കുന്നതിനെച്ചൊല്ലി ഉടമകൾ തമ്മിലുള്ള അവകാശത്തർക്കങ്ങളുമാണ് കെട്ടിടങ്ങൾ പൊളിക്കാതിരിക്കാൻ കാരണം.
കെട്ടിടങ്ങൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് ദേശീയപാത അതോരിറ്റി നേരത്തെ പലവട്ടം നോട്ടിസ് നൽകിയിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടു കെട്ടിടം പൊളിക്കുന്നത്. ചാവക്കാട് തഹസിൽദാർ സി.പി.കിഷോർ, വടക്കേകാട് എസ്ഐ കെ.ബി.ജലീൽ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഏതാനും കെട്ടിട ഉടമകൾ തടസ്സവുമായി എത്തിയെങ്കിലും ഉദ്യോഗസ്ഥ സംഘം ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.