ആശങ്കയൊഴിഞ്ഞു, ശാന്തതീരം; മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതയില്‍
Mail This Article
കയ്പമംഗലം ∙ തീരദേശത്ത് കടൽ ശാന്തമായതോടെ ശക്തമായ കടലേറ്റത്തിൽ കരയിലേക്ക് കയറിയ വെള്ളം വലിഞ്ഞു. കഴിഞ്ഞ ദിവസം ഉച്ച മുതലാണ് പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം വഞ്ചിപ്പുര, മതിലകം കൂളിമുട്ടം തുടങ്ങിയ ഭാഗങ്ങളിൽ കടലേറ്റമുണ്ടായത്. വലിയ തിരകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറിയതോടെ പെരിഞ്ഞനം സമിതി ബീച്ചിൽ കടൽഭിത്തിയും കടന്ന് വരാഹം ഗ്രൂപ്പിന്റെ മത്സ്യബന്ധന വല നശിച്ചിരുന്നു.
കടലാക്രമണ സാധ്യതാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മീൻപിടിക്കാൻ പോവുന്ന തൊഴിലാളികൾ ജാഗ്രതയിലാണ്. പെട്ടെന്നുണ്ടായ കടൽക്ഷോഭം തീര ജനതയെ ആശങ്കയിലാക്കി. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും കടലേറ്റ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
കൊടുങ്ങല്ലൂർ ∙ എറിയാട് ചന്ത കടപ്പുറത്തും സമീപത്തും കടൽ കരയിലേക്ക് കയറി. കനത്ത വേലിയേറ്റത്തെ തുടർന്ന് കടപ്പുറം റോഡിൽ വെള്ളം കയറി. ഉച്ചയ്ക്ക് രണ്ടിനായിരുന്നു കടൽ കരയിലേക്ക് കയറിയത്. ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം കയറുന്നതു തടയുന്നതിനായി എറിയാട് പഞ്ചായത്ത് മണ്ണുമാന്തി ഉപയോഗിച്ചു മണൽത്തിട്ട ഒരുക്കി. എറിയാട് വില്ലേജ് ഓഫിസർ അഭിലാഷും സംഘവും പ്രദേശത്തു പരിശോധന നടത്തി.
സാഹസിക ടൂറിസം നിർത്തിവച്ചു
തൃശൂർ ∙ കടൽക്ഷോഭത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉയർന്ന തിരമാല ജാഗ്രതാ നിർദേശത്തിന്റെയും പശ്ചാത്തലത്തിൽ ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ്, ബോട്ടിങ് തുടങ്ങിയ സാഹസിക ടൂറിസം പ്രവർത്തനങ്ങൾ നിർത്തിവച്ചതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.