കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സീനിയർ സിപിഒ തട്ടിയത് 24 ലക്ഷം രൂപ; ഒടുവിൽ മർദനം
Mail This Article
തൃശൂർ ∙ കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സീനിയർ സിവിൽ പൊലീസ് ഓഫിസർ 24 ലക്ഷം രൂപ വാങ്ങിയെന്നും തുക തിരികെച്ചോദിച്ചപ്പോൾ മർദിച്ചെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും മാള കാട്ടിക്കരക്കുന്ന് കണ്ണൻകാട്ടിൽ രാഹുൽ പൊലീസിൽ പരാതി നൽകി. രാഹുലിന്റെ ബന്ധുവും മാള സ്റ്റേഷനിലെ സീനിയർ സിപിഒയുമായ ആളൂർ കണ്ണംപാലം വിനോദിനെതിരെ ആളൂർ പൊലീസ് കേസെടുത്തു. മർദനമേറ്റ രാഹുൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേരള ബാങ്കിൽ അസി. മാനേജരായി നിയമനം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് 3 വർഷം മുൻപ് 24 ലക്ഷം രൂപ വിനോദ് വാങ്ങിയെന്ന് രാഹുൽ പറയുന്നു.
50,000 രൂപ പണമായി നൽകി, ഒന്നര ലക്ഷം രൂപ വിനോദ് നിർദേശിച്ച ഒരാളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു, 21.5 ലക്ഷം വിനോദ് നിർദേശിച്ച മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഒന്നര വർഷമായപ്പോൾ കേരള ബാങ്കിന്റെ ഓഫർ ലെറ്റർ അയച്ചുകിട്ടിയെങ്കിലും ഒപ്പും സീലും ഉണ്ടായിരുന്നില്ല. അതുമായി ബാങ്കിൽ പോകേണ്ടെന്നു വിനോദ് തന്നെ നിർദേശിച്ചു. ജോലി കിട്ടില്ലെന്നും പലിശ സഹിതം പണം തിരികെത്തരാമെന്നും കഴിഞ്ഞ വർഷം അറിയിച്ചു. എന്നാൽ, പറഞ്ഞ തീയതികളിലൊന്നും പണം തിരികെക്കിട്ടിയില്ല. മാർച്ച് 30 ആണ് അവസാന അവധിയായി പറഞ്ഞിരുന്നത്. അന്നു രാഹുലും ഭാര്യ ശരണ്യയും ആളൂരിൽ വിനോദിന്റെ വീട്ടിലെത്തിയെന്നും ഇവിടെ വച്ച് വിനോദ് മർദിച്ചെന്നും തുടർന്നു പണം തരാമെന്നു പറഞ്ഞ് കാറിലേക്കു വലിച്ചു കയറ്റിയെന്നും പരാതിയിൽ പറയുന്നു.
ശരണ്യയും കാറിൽ കയറി. കാറിലിരുന്നു വിനോദ് പലരെയും ഫോണിൽ വിളിച്ചെന്നും തങ്ങളുടെ കാര്യം ഇന്നുതന്നെ തീർക്കണമെന്ന് പറഞ്ഞെന്നും രാഹുൽ പറയുന്നു. ഇതുകേട്ടു പേടിച്ചതോടെ കാറിൽനിന്ന് ഇറങ്ങാൻ ശ്രമിച്ചു. ഓടുന്ന വാഹനത്തിന്റെ വാതിൽ തുറന്നുപിടിച്ചതു ശ്രദ്ധയിൽപെട്ട് പിന്നിൽ നിന്നുള്ള വാഹനങ്ങളെല്ലാം ഹോൺ മുഴക്കിയപ്പോൾ തൃശൂർ കിഴക്കേക്കോട്ടയിൽ വിനോദ് കാർ വശത്തേക്കു നീക്കിയെന്നും ആ സമയത്തു പുറത്തേക്കു ചാടിയെന്നും രാഹുൽ പറഞ്ഞു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാകാനാണു നിർദേശിച്ചതെന്നും മറ്റു സഹായങ്ങളൊന്നും കിട്ടിയില്ലെന്നും രാഹുൽ പരാതിപ്പെട്ടു. മർദിച്ചെന്ന പരാതിയിലാണ് ആളൂർ പൊലീസ് കേസെടുത്തത്. പണം തട്ടിയെടുത്ത കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകാൻ ഒരുങ്ങുകയാണു കുടുംബം.