ADVERTISEMENT

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിക്ക് ആദ്യമായി ശമ്പളം നിശ്ചയിച്ചത് ക്ഷേത്രം ബ്രിട്ടിഷുകാർ നേരിട്ടു ഭരിച്ച കോർട്ട് ഓഫ് വാഡ്സിന്റെ ഭരണകാലത്ത്. 150 രൂപയായിരുന്നു ശമ്പളം. അക്കാലത്തെ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലായിരുന്നു അത്. 1916 മുതൽ 1927 വരെ 11 വർഷമായിരുന്നു ക്ഷേത്രത്തിൽ കോർട്ട് ഓഫ് വാഡ്സ് ഭരണകാലം. 1900ൽ ബ്രിട്ടിഷ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കോന്തിമേനോനെ ക്ഷേത്രം മാനേജരായി നിയമിച്ചു. അദ്ദേഹം ഭരണരംഗത്ത് അടുക്കും ചിട്ടയും ഏർപ്പെടുത്തി. ക്ഷേത്രക്കുളം കരിങ്കല്ലുകെട്ടി കൽപടവുകൾ നിർമിച്ചു.

നാഴികമണി സ്ഥാപിച്ചു. ക്ഷേത്ര ചടങ്ങുകളിൽ അഷ്ടപദിയും നാഗസ്വരവും ചെണ്ടമേളവും ശീവേലിക്കു മുന്നിൽ 12 വെള്ളി കുത്തുവിളക്കുകളും ഏർപ്പെടുത്തി. സാമൂതിരിക്ക് രാജാധികാരം നഷ്ടപ്പെട്ട് ബ്രിട്ടിഷ് ഭരണത്തിൽ കീഴിലായ കാലം. സ്വന്തമായിരുന്ന സാമൂതിരിയുടെ എസ്റ്റേറ്റ് ഭരണവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഗുരുവായൂർ ക്ഷേത്രം ഈ എസ്റ്റേറ്റ് വസ്തുക്കളിൽ പെട്ടതായിരുന്നു. ബാധ്യത കനത്തതോടെ എസ്റ്റേറ്റ് ഭരണം 1916ൽ കോർട്ട് ഓഫ് വാഡ്സ് ഏറ്റെടുത്തു. എസ്റ്റേറ്റ് കലക്ടറായി യുവാവായ ബ്രിട്ടിഷുകാരൻ ജെ.എ.തോൺ ചുമതലയേറ്റു.

1927 വരെ 11 വർഷം ആ ഭരണം തുടർന്നു.അക്കാലത്ത് ഭക്തർ സോപാനത്ത് സമർപ്പിക്കുന്ന കാണിക്കപ്പണം മേൽശാന്തിക്ക് അവകാശപ്പെട്ടതായിരുന്നു. പക്ഷേ ക്ഷേത്ര ചെലവുകൾ മേൽശാന്തി വഹിക്കണം.നടവരവ് വർധിച്ചപ്പോൾ മേൽശാന്തിക്ക് കൂടുതൽ പണം കിട്ടുന്നു എന്നു പരാതിയായി. ഈ സമയത്താണ് ഭരണം കോർട്ട് ഓഫ് വാർഡ്സ് ഏറ്റെടുക്കുന്നത്. പരാതി അന്വേഷിക്കാൻ ഭരണച്ചുമതലയുള്ള അസി. കലക്ടർ ഗുരുവായൂരെത്തി. മേൽശാന്തിയെ കണ്ട് വിവരങ്ങൾ ശേഖരിക്കാൻ ക്ഷേത്രത്തിനു പുറത്തു കാത്തു നിന്നു.

ഉച്ചപ്പൂജ കഴിഞ്ഞയുടൻ മേൽശാന്തി എത്തി. മേൽശാന്തി മതിൽക്കകത്തും അസി. കലക്ടർ പുറത്തുമായി നിന്നു. അസി. കലക്ടർ വിവരങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോൾ ‘കുറച്ചു വെള്ളം കുടിച്ചിട്ട് മതിയോ മറുപടി’ എന്നു മേൽശാന്തി ചോദിച്ചു. പുലർച്ചെ 3ന് നിർമാല്യം മുതൽ ഉച്ചപ്പൂജ നട തുറക്കുന്നതു വരെ തുള്ളി വെള്ളം കുടിക്കാതെയാണ് മേൽശാന്തി പൂജ ചെയ്യുന്നത് എന്നത് അദ്ദേഹത്തിന് അത്ഭുതമായി. ഈ സമർപ്പണം തിരിച്ചറിഞ്ഞ അദ്ദേഹം മേൽശാന്തിയുടെ ശമ്പളം തന്റെ ശമ്പളത്തിന് തുല്യമാക്കി, 150 രൂപയായി നിശ്ചയിച്ചു.

അന്നു മദ്രാസ് സംസ്ഥാനത്തെ ഏറ്റവും വലിയ സാലറി സ്കെയിൽ ആയിരുന്നു, അത്. സോപാനത്ത് സമർപ്പിക്കുന്ന കാണിക്ക ദേവസ്വത്തിന്റെ അവകാശമായി മാറി. ക്ഷേത്രഭരണത്തിന്റെ ചെലവ് ദേവസ്വം ഏറ്റെടുത്തു. കോന്തിമേനോൻ തുടങ്ങി വച്ച പരിഷ്കാരങ്ങൾ തോൺ പൂർത്തിയാക്കി. തോണിന്റെ പിൻഗാമിയായി എത്തിയ ശ്രീനിവാസറാവു 1927ൽ എസ്റ്റേറ്റ് ഭരണം സാമൂതിരിയെ തിരിച്ചേൽപിച്ചു. ഗുരുവായൂർ ക്ഷേത്രഭരണം വീണ്ടും സാമൂതിരിയുടെ കയ്യിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com