ADVERTISEMENT

തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു ശേഷം ഈ മാസം 4ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 26.67 ലക്ഷം (26,67,221) വോട്ടർമാർ. നേരത്തെ ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 25,90,721 വോട്ടർമാരാണുണ്ടായിരുന്നത്.

അന്തിമ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാർച്ച് 25വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. ഇതു പ്രകാരം ജില്ലയിൽ ആകെ 76,500 വോട്ടർമാർ കൂടി പുതുതായി പട്ടികയിൽ ഇടം നേടി. ആകെ വോട്ടർമാരിൽ 12,74,183 പുരുഷന്മാരും 13,93,003 സ്ത്രീകളും 35 ട്രാൻസ്ജെൻഡേഴ്സുമാണ്.

4,018 പ്രവാസി വോട്ടർമാരുമുണ്ട്. വോട്ടർ ഹെൽപ് ലൈൻ ആപ് മുഖേനയും voters.eci.gov.in വെബ്സൈറ്റ് വഴിയും വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാം. 7 നിയമസഭാ മണ്ഡലങ്ങളുള്ള തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ആകെ വോട്ടർമാർ 14,83,055. 7,08,317 പുരുഷന്മാരും 7,74,718 സ്ത്രീകളും 20 ട്രാൻസ്ജെൻഡേഴ്സും മണ്ഡലത്തിലുണ്ട്.

ചാലക്കുടി മണ്ഡലത്തിൽ 12  സ്ഥാനാർഥികൾ
ചാലക്കുടി ∙ ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം 12 സ്ഥാനാർഥികൾ രംഗത്ത്. 13 പേർ പത്രിക സമർപ്പിച്ചെങ്കിലും ഒരാളുടെ പത്രിക തള്ളി.    സിപിഎം സ്ഥാനാർഥി സി. രവീന്ദ്രനാഥിന്റെ പത്രിക സ്വീകരിച്ചതിനാൽ ഡമ്മി സ്ഥാനാർഥിയായ ഡേവിസിന്റെ പത്രികയാണ് തള്ളിയത്.

വരണാധികാരിയും അഡീഷനൽ ജില്ലാ മജിസ്ട്രേട്ടുമായ ആശാ സി.ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.    സ്ഥാനാർഥികൾ പത്രിക സമർപ്പിച്ച ക്രമത്തിലാണു പരിശോധന പൂർത്തിയാക്കിയത്. നാളെ വരെ പത്രിക പിൻവലിക്കാം. 

നിലവിലെ സ്ഥാനാർഥികൾ ഇവർ: സി.രവീന്ദ്രനാഥ്(സിപിഎം), എം.പ്രദീപൻ (എസ്‌‌യുസിഐ സി), കെ.സി.ജോൺസൺ (സ്വതന്ത്രൻ), കെ.എ.ഉണ്ണിക്കൃഷ്ണൻ (ബിഡിജെഎസ്), ടി.എസ്.ചന്ദ്രൻ (സ്വതന്ത്രൻ), ബെന്നി ബഹനാൻ (കോൺഗ്രസ്), സി.ജി.അനിൽകുമാർ (ബിഡിജെഎസ് ഡമ്മി), റോസിലിൻ ചാക്കോ (ബിഎസ്പി), ഇ.പി.അരുൺ (സ്വതന്ത്രൻ), ചാർളി പാേൾ (ട്വന്റി20), കെ.ആർ.സുബ്രൻ, ബോസ്കോ ലൂയിസ് (സ്വതന്ത്രൻ).

ഡി.കെ.ശിവകുമാർ നാളെ തൃശൂരിൽ
തൃശൂർ ∙ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നാളെയെത്തും.   രാവിലെ 9.30ന് ഒല്ലൂർ സെന്ററിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com