ADVERTISEMENT

തൃശൂർ ∙ ‘‘ചെന്താരകൾ ചോക്കണതോ’’ എന്നു പാടിനടന്നവർ കണ്ടു. തേക്കിൻകാടിനു മുകളിൽ താരങ്ങൾ‌ ചുവക്കുക മാത്രമല്ല, ഓരോ അമിട്ടു പൊട്ടിവിരിയുമ്പോഴും മാനം പലപല വർണങ്ങളിലേക്കു കൂടുമാറി. അമിട്ട് വിരിയിച്ച താരങ്ങൾക്കു മുൻപിൽ തോൽക്കുമെന്നതിനാലാവാം മാനത്ത് ഇന്നലെ താരങ്ങൾ ഉദിച്ചിരുന്നില്ല.  പൂരപ്പറമ്പിനു കുട പിടിച്ചപോൽ വിരിഞ്ഞ താരങ്ങളാകട്ടെ പെയ്തിറങ്ങിയത് മണ്ണിലേക്കല്ല; മനസ്സുകളിലേക്കാണ്. കാണാൻ പോണ പൂരം എങ്ങനിരിക്കും എന്നിനി ആർക്കും സംശയമില്ല. അതു കൃത്യമായി പറഞ്ഞുവച്ചു സാംപിൾ. ‘‘കൺതുറന്ന് കൺനിറച്ച് കാണുക, മോനേ...’’ എന്നു പാടിനടക്കുന്ന ന്യൂ ജെൻ ഇന്നലെ കൺനിറച്ച് സാംപിൾ കണ്ടു.

thirssur-pooram-sample-fireworks-3

വെടിക്കെട്ടിന്റെ മാത്രമല്ല, പൂരം എന്ന ആവേശത്തിന്റെ തന്നെ സാംപിൾ ആയി അവരത് ഏറ്റെടുത്തു. ‘‘അഗ്നി തുപ്പുവാൻ തിരിച്ചുവന്ന സൂര്യനായ്’’ എന്ന പുതിയ ‘ആവേശ’ ഗാനം ഇന്നലെ അവർ പാടിയത് സാംപിളിനെക്കുറിച്ചായിരുന്നു.  അവർക്ക് ‘ആവേശ’വും ‘രോമാഞ്ച’വും പകർന്നു സാംപിൾ. ‌‌ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യത്തിന് ആദരമർപ്പിച്ച് ‘ഗഗൻയാൻ’ മാനത്ത് വിരിഞ്ഞപ്പോൾ സാംപിൾ ദേശത്തോളം വലുതായി. ഇനി, ലോകത്തോളം വലുതായിക്കഴിഞ്ഞ പൂരത്തിന്റെ 3 നാളുകൾ.

തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ / മനോരമ
തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിൽനിന്ന്. ചിത്രം: വിഷ്ണു വി.നായർ / മനോരമ

പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്ക് ഇക്കുറി ഒരേ കരാറുകാരനാണു വെടിക്കെട്ട് എന്നതിനാൽ മത്സരത്തിനപ്പുറം പലപല ചന്തങ്ങൾ വീണ്ടും വീണ്ടും കാണാനുള്ള ആവേശമായിരുന്നു കാണികൾക്ക്. പൊട്ടിവിരിഞ്ഞ ശേഷം താഴേയ്ക്ക് ഒരാൾ ഊർന്നിറങ്ങും പോൽ ഒഴുകിയിറങ്ങിയ ഇനത്തിനു ‘ഗുണ കേവ്’ എന്നല്ലാതെ എന്തു വിളിക്കും. ‘ഡാൻസിങ് അംബ്രല്ല’ അമിട്ടുകൾ മാനത്തു വിരിഞ്ഞപ്പോൾ താഴെ തേക്കിൻകാടു മൈതാനത്തിനു ചുറ്റും വെടിക്കെട്ടു പ്രേമികൾ ആർപ്പുവിളിച്ചു. എല്ലാക്കൊല്ലവും കണ്ടിട്ടുംകണ്ടിട്ടും മതിവരാത്ത വർണക്കുടകൾ വിരിയുന്ന കാഴ്ച കാണാൻ എത്തിയവരെയും സാംപിൾ നിരാശപ്പെടുത്തിയില്ല. അവയും പൂരപ്രേമികളുടെ ഹൃദയാകാശത്തിൽ തന്നെ വിരിഞ്ഞുനിന്നു. ഈ സാംപിൾ മനസ്സിൽ കെടും മുൻപ് ഇനി യഥാർഥ വെടിക്കെട്ടു കാണണം. ഇന്നും നാളത്തെ പകലും അതിനുള്ള കാത്തിരിപ്പാണ്.

മനസ്സിൽ പകർത്തി: പാറമേക്കാവു വിഭാഗത്തിന്റെ വെടിക്കെട്ടു നടക്കുമ്പോൾ മണികണ്ഠനാലിനു മുന്നിൽ പാറമേക്കാവ് ഒരുക്കിയ പന്തലിനു താഴെനിന്നു വെടിക്കെട്ട് കാണുകയും മൊബൈലിൽ പകർത്തുകയും ചെയ്യുന്ന ജനക്കൂട്ടം. ചിത്രം: ജീജോ ജോൺ / മനോരമ
മനസ്സിൽ പകർത്തി: പാറമേക്കാവു വിഭാഗത്തിന്റെ വെടിക്കെട്ടു നടക്കുമ്പോൾ മണികണ്ഠനാലിനു മുന്നിൽ പാറമേക്കാവ് ഒരുക്കിയ പന്തലിനു താഴെനിന്നു വെടിക്കെട്ട് കാണുകയും മൊബൈലിൽ പകർത്തുകയും ചെയ്യുന്ന ജനക്കൂട്ടം. ചിത്രം: ജീജോ ജോൺ / മനോരമ

ഇന്നലെ രാത്രി 7.45നു പാറമേക്കാവ് വിഭാഗം ആദ്യം സാംപിൾ വെടിക്കെട്ടിന് തിരി കൊളുത്തി. 3 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ട് ആർപ്പുവിളികളോടെ ജനം ഏറ്റെടുത്തു. വെടിക്കെട്ടിന്റെ മുഴക്കം കഴിഞ്ഞപ്പോഴും ആർപ്പുവിളികളുടെ മുഴക്കം തീർന്നിരുന്നില്ല. 8.20ന് തിരുവമ്പാടി വിഭാഗം തിരി കൊളുത്തിയപ്പോഴും ആവേശം അതുപോലെ ആവർത്തിച്ചു. 6 മിനിറ്റ് നീണ്ടുനിന്നു.

തൃശൂർ പൂരം സാംപിൾ വെടിക്കെട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ. ചിത്രം: ഉണ്ണി കോട്ടക്കൽ / മനോരമ
തൃശൂർ പൂരം സാംപിൾ വെടിക്കെട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ. ചിത്രം: ഉണ്ണി കോട്ടക്കൽ / മനോരമ

ചരിത്രത്തിലാദ്യമായി ഇരുവിഭാഗത്തിനും ഇക്കുറി ഒരാളാണ് വെടിക്കെട്ടു കരാർ എടുത്തിരിക്കുന്നത്. സ്വരാജ് റൗണ്ടിൽ പൊലീസ് നിയന്ത്രണങ്ങൾ ഏർ‌പ്പെടുത്തിയിരുന്നെങ്കിലും അതൊന്നും പൂരപ്രേമികളുടെ ആവേശത്തിനു തടസ്സമായില്ല. കാരണം, ആവേശത്തിനു സാംപിൾ ഇല്ല. പൂരാവേശം തൃശൂരിനെന്നും പൂർണതോതിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com