വിളവിടിവ്; പരിശോധനയുമായി സർവകലാശാല വിദഗ്ധ സംഘം
Mail This Article
തൃശൂർ ∙ കോൾമേഖലയിൽ വൻതോതിൽ വിളവിടിഞ്ഞ സാഹചര്യത്തിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധ സംഘം പുല്ലഴി കോൾപാടത്ത് പരിശോധന നടത്തി. തണ്ടുതുരപ്പൻ, ഇലചുരുട്ടി, കരിച്ചിൽ തുടങ്ങിയ രോഗങ്ങളും കേടുകളും കൃഷിയെ ബാധിച്ചതു വിളവിടിയാൻ പ്രധാന കാരണമായെന്നാണു സംഘത്തിന്റെ പ്രാഥമിക നിഗമനം. കാലാവസ്ഥാമാറ്റവും പ്രതിസന്ധിയായി. വിതയ്ക്കൽ വൈകിയതും ജലവിതരണം താറുമാറായതും വിത്തിന്റെ ഗുണമേന്മക്കുറവും പ്രശ്നമായെന്നു കർഷകർ വിദഗ്ധ സംഘത്തെ അറിയിച്ചു. ഇവ വിലയിരുത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നു വിദഗ്ധസംഘം അറിയിച്ചു.
ഒരേക്കറിൽ ശരാശരി 3,500 കിലോ നെല്ലു ലഭിക്കേണ്ട കോൾപാടങ്ങളിൽ ഇത്തവണ 600 കിലോയിലേക്കു വിളവ് ഇടിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു സംഘം പഠനത്തിനെത്തിയത്. കൊയ്തുവച്ച നെല്ല് ഇവർ പരിശോധിച്ചു. സാംപിളെടുത്തു വിദഗ്ധ പരിശോധനയ്ക്കു കൊണ്ടുപോയി. പ്രഫ.ലത, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഷേർലി, മേരി വിജയ, വി.എസ്.പ്രതീഷ് എന്നിവരാണു പരിശോധനയ്ക്കെത്തിയത്. കോൾപടവ് പ്രസിഡന്റ് ഗോപിനാഥൻ കൊളങ്ങാട്ട്, കർഷകരായ പി.എ.മനോഹരൻ, കെ.പി.ആന്റണി തുടങ്ങിയ കർഷകർ സന്നിഹിതരായി.