കടലിൽ കൊടുംചൂട്; മത്സ്യം കിട്ടുന്നില്ല
Mail This Article
കൊടുങ്ങല്ലൂർ ∙ കടലിൽ ചൂടു കൂടിയതോടെ കടുത്ത മത്സ്യ ക്ഷാമം. ബോട്ടുകൾക്കും വള്ളങ്ങൾക്കും കറിക്കു പോലും മീൻ ലഭിക്കാതായതോടെ അവ തീരത്തു കെട്ടിയിട്ടിരിക്കുകയാണ്. ഡീസൽ – മണ്ണെണ്ണ വില വർധനയും പ്രതിസന്ധിയുടെ ആഴം കൂട്ടി. കൂലിച്ചെലവു പോലും ലഭിക്കാതായതോടെ പ്രതിസന്ധി രൂക്ഷമായി.
ജില്ലയിലെ പ്രമുഖ കേന്ദ്രമായ അഴീക്കോട് ഹാർബറിലും കടുത്ത ദുരിതമാണ്. മത്സ്യത്തൊഴിലാളികൾക്കു പുറമേ തരകൻമാർ, മറ്റു കൂലിത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ തുടങ്ങിയവരും പ്രതിസന്ധിയിലാണ്. മത്സ്യ അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർ ഉൾപെടെ 10,000 ലേറെ കുടുംബങ്ങൾ ജില്ലയുടെ തീരദേശങ്ങളിൽ നരകയാതന അനുഭവിക്കുകയാണ്.
സർക്കാർ രേഖകൾ പ്രകാരം ജില്ലയിൽ 10,436 തൊഴിലാളികളുണ്ട്. എന്നാൽ, പ്രത്യക്ഷമായും പരോക്ഷമായും 25,000 ത്തിൽ അധികം തൊഴിലാളികളാണു മേഖലയിൽ തൊഴിലെടുക്കുന്നത്. അനുബന്ധ തൊഴിലാളികളും ഏറെയുണ്ട്.എറിയാട്, ലോറിക്കടവ്, കാര എന്നിവിടങ്ങളിൽ നിന്നു ചെറുവള്ളങ്ങൾ പോലും മാസങ്ങളായി കടലിൽ ഇറങ്ങുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നു കടലിൽ മത്സ്യം കുറഞ്ഞതായി തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.