രോഗി വീട്ടിൽ മരിച്ച നിലയിൽ, ദുരൂഹത; ജീവനൊടുക്കാൻ ശ്രമിച്ച സഹോദരീ ഭർത്താവിനെതിരെ മൊഴി
Mail This Article
പറപ്പൂക്കര (തൃശൂർ) ∙ നെടുമ്പാളിൽ വീട്ടിൽ കിടപ്പുരോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വിഷം കുടിച്ച സഹോദരീ ഭർത്താവാണ് കൊലപാതകത്തിനു പിന്നിലെന്നു സഹോദരി ഷീബ പൊലീസിന് മൊഴിനൽകി. നെടുമ്പാൾ വഞ്ചിക്കടവ് റോഡിൽ ചാമ്പറമ്പ് കോളനിയിലെ കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ സന്തോഷാണ് (45) മരിച്ചത്. സഹോദരീ ഭർത്താവായ കണ്ണമ്പുഴ വീട്ടിൽ സെബാസ്റ്റ്യൻ (49) ചങ്ങലകൊണ്ട് കഴുത്തു മുറുക്കി കൊന്നെന്നാണു മൊഴി.
ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെനാളായി തളർന്നു കിടപ്പായിരുന്നു. വെള്ളിയാഴ്ച നടന്നുവെന്ന് കരുതുന്ന മരണം, സഹോദരിയും ഭർത്താവും അയൽവാസികളെ അറിയിക്കുന്നത് ശനിയാഴ്ച രാവിലെയാണ്. മൃതദേഹം തറയിൽ കിടക്കുന്നതുകണ്ട് അസ്വാഭാവികത തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പൊലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ചിതലിനു തളിക്കുന്ന മരുന്ന് എടുത്തു കുടിക്കുകയായിരുന്നു സെബാസ്റ്റ്യൻ.
പൊലീസ് കാവലിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് കരുതുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമാണ് കൊലപാതക വിവരം സ്ഥിരീകരിക്കാനാകുവെന്നും പൊലീസ് പറഞ്ഞു. സെബാസ്റ്റ്യന്റെ പേരിൽ പുതുക്കാട്, ഒല്ലൂർ, കൊടകര സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. സന്തോഷിന്റെ സംസ്കാരം നടത്തി.