കൊടും വേനൽ: വെങ്കിടങ്ങിൽ ശുദ്ധജലക്ഷാമം രൂക്ഷം
Mail This Article
വെങ്കിടങ്ങ് ∙കൊടും വേനലിൽ പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും ശുദ്ധജല ക്ഷാമം രൂക്ഷമായി. തൊയക്കാവ്, പാടൂർ, ഇടിയഞ്ചിറ മേഖലയിലാണ് സ്ഥിതി രൂക്ഷം. ജലജീവൻ മിഷൻ പദ്ധതി പ്രകാരം 5 ദിവസമായി ശുദ്ധജലം വിതരണം ചെയ്തിട്ടില്ല. ഗുരുവായൂർ ജല അതോറിറ്റിയിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പൊതു പ്രവർത്തകനുമായ കെ..വി. മനോഹരൻ എത്തിയപ്പോൾ പമ്പ് ഓപ്പറേറ്ററോട് പറയാനുള്ള മറുപടിയാണ് ലഭിച്ചത്.
പീച്ചിയിൽ നിന്നുള്ള വെള്ളമാണ് പഞ്ചായത്തിലെ നാട്ടുകല്ലിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിൽ എത്തിക്കുന്നത്. എന്നാൽ ഇപ്പോൾ വെള്ളം കാര്യമായി എത്തുന്നില്ലെന്നാണ് പറയുന്നത്. പ്രദേശത്തെ കിണറുകൾ മിക്കവയും വറ്റിയ അവസ്ഥയിലാണ്. പഞ്ചായത്തിലെ 80 ശതമാനം വീടുകളിലും ഗാർഹിക കണക്‌ഷൻ നൽകിയിട്ടുണ്ട്. എന്നാൽ വെള്ളം വല്ലപ്പോഴും വന്നാലായി എന്നാണ് നാട്ടുകാർ പറയുന്നത്.
പഞ്ചായത്തിലെ രണ്ടാം വാർഡിൽ പാടൂർ പ്രദേശത്ത് 6 മാസം മുൻപ് പുതിയ കണക്‌ഷനുകൾ സ്ഥാപിച്ചെങ്കിലും ഇൗ പൈപ്പുകളിൽ ഒരു തുള്ളി വെള്ളം പോലും ഇതുവരെ വന്നിട്ടില്ല. പ്രശ്നത്തിൻ അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.