വെസ്റ്റ് നൈൽ പനി: കൊതുക് വില്ലൻ, ജാഗ്രതൈ..!
Mail This Article
തൃശൂർ ∙ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ കൊതുകു നിവാരണവും ഉറവിട നശീകരണവും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. വാടാനപ്പള്ളി നടുവിൽക്കര സ്വദേശിയായ എഴുപത്തൊൻപതുകാരൻ മരിച്ചത് വെസ്റ്റ് നൈൽ ബാധിച്ചാണെന്നു സ്ഥിരീകരിച്ചിരുന്നു. വെള്ളാങ്ങല്ലൂർ സ്വദേശിയായ എഴുപതുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണെന്ന് ഡിഎംഒ ഡോ.ടി.പി.ശ്രീദേവി പറഞ്ഞു. എടവിലങ്ങിൽ വെസ്റ്റ് നൈൽ സംശയിക്കുന്ന രോഗിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നിട്ടില്ല.
മനുഷ്യരിൽനിന്ന് ഈ രോഗം പകരില്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാർഗം. കൊതുകു നശീകരണത്തിനാണ് പ്രാധാന്യം നൽകുന്നത്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ മന്ത്രി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. 2011 മുതൽ വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി അഭ്യർഥിച്ചു.
നാട്ടികയിൽ 6 ദിവസത്തിനുള്ളിൽ അമ്മയും 2 മക്കളും മരിച്ച സംഭവത്തിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതിൽ ഒരാളുടെ മരണം ന്യുമോണിയ ആണെന്നു സ്ഥിരീകരിച്ചിരുന്നു. മറ്റു രണ്ടു പേർ വീട്ടിൽ ചികിത്സയ്ക്കിടെയായിരുന്നു മരണമെന്നതിനാൽ മെഡിക്കൽ രേഖകൾ പൂർണമായി ലഭ്യമല്ല. എന്നാൽ, നേരത്തെത്തന്നെ വിവിധ അസുഖങ്ങൾ ബാധിച്ച ഇവർ മരുന്നും ഭക്ഷണവും കഴിക്കാതിരുന്നതും മരണകാരണമായിട്ടുണ്ടാകാമെന്നാണു നിഗമനം. ഇവിടെ സമീപവീടുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. നാട്ടിക പഞ്ചായത്ത് നാലാം വാർഡിൽ വെറ്ററിനറി ഡിസ്പെൻസറിക്കു സമീപം ഇന്ന് രാവിലെ 9.30ന് മെഡിക്കൽ ക്യാംപ് നടത്തും.
വില്ലൻ കൊതുക്
ക്യൂലക്‌സ് കൊതുക് പരത്തുന്ന പകർച്ചവ്യാധിയാണിത്. ജപ്പാൻ ജ്വരം സാധാരണ 18 വയസ്സിനു താഴെയുള്ള കുട്ടികളെയാണു ബാധിക്കുന്നതെങ്കിൽ വെസ്റ്റ് നൈൽ പനി മുതിർന്നവരിലാണു കാണുന്നത്.
രോഗലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണു പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്കു പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം.
രോഗപ്രതിരോധം
കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക. കൊതുകുവല ഉപയോഗിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക. കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുകു നശീകരണ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതു ഫലപ്രദമാണ്. കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീർണമാക്കും.