ചൂടു മൂലം നാശമുണ്ടായ ഏക്കർകണക്കിനു കൃഷി തീയിട്ട് കർഷകർ
Mail This Article
അന്തിക്കാട്∙ ഉഷ്ണതരംഗവും കൊടുംചൂടും കാരണം കുൽകാട്ടിര, പുത്തൻ കോൾ, പുള്ള്. കോവിലകം.തുടങ്ങിയ പടവുകളിലെ നാശം നേരിട്ട ഏക്കർകണക്കിനു വിളവെടുക്കാറായ നെൽച്ചെടികൾ കർഷകർ കത്തിച്ചുകളഞ്ഞു. ചില പടവുകളിൽ വിളവെടുക്കാതെ ട്രാക്ടർ ഇറക്കി നെൽച്ചെടികൾ ഉഴുതു മറിച്ചു. കൊയ്താൽ ചെലവായ തുക പോലും കിട്ടാത്ത അവസ്ഥയായതു കൊണ്ടാണ് കർഷകർ പടവുകളിൽ തീയിട്ടത് . വേനൽ മഴ കിട്ടാതിരുന്നതും കീടബാധ കൂടിയതും കാലാവസ്ഥ വ്യതിയാനവും ചേർന്നപ്പോൾ നെല്ലുൽപാദനം വളരെ കുറഞ്ഞിരുന്നു.
പരപ്പൻചാൽ പാടത്ത് രണ്ടര പറ കൊയ്തെടുത്തപ്പോൾ 8 ചാക്കു നെല്ല് കിട്ടേണ്ട സ്ഥാനത്ത് 2 ചാക്ക് നെല്ലു മാത്രമാണ് കിട്ടിയതെന്നും വിളവെടുക്കാതിരിക്കുന്നതായിരുന്നു ഉചിതമെന്നു തോന്നിയെന്നും കർഷകനായ ചക്കാണ്ടുത്ത് പുഷ്ക്കരൻ പറഞ്ഞു. മികച്ച നെല്ലുൽപാദനം നടത്തിയതിന് വർഷങ്ങൾക്കു മുൻപ് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്ന അന്തിക്കാട് പാടശേഖരത്തിലാണ് ഉൽപാദനം വൻതോതിൽ കുറഞ്ഞത്.