ADVERTISEMENT

കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ ഒരു മാസം കൂടി വേണ്ടിവരും. മുകൾഭാഗത്തെ കോൺക്രീറ്റിങ്ങിനും സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനുമായി ഒരുമാസം കൂടി വേണ്ടിവരുമെന്നു കരാർ കമ്പനി അറിയിച്ചു. തുരങ്കത്തിൽ കോൺക്രീറ്റിങ് പൂർത്തിയാകാത്ത ഭാഗത്തു രൂക്ഷമായ ചോർച്ചയാണുള്ളത്. ഈ വെള്ളം ഒഴുകിപ്പോകുന്നതിനു സംവിധാനമൊരുക്കിയ ശേഷമാണു കോൺക്രീറ്റിങ് നടക്കുക. കിഴക്കുഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തു 150 മീറ്റർ അകലെയാണു വലിയ ചോർച്ച. 

കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്തു കോൺക്രീറ്റിങ് നടത്തുന്നു.
കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്തു കോൺക്രീറ്റിങ് നടത്തുന്നു.

അറ്റകുറ്റപ്പണിക്കുവേണ്ടി ജനുവരി 8നാണു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം അടച്ചു പാലക്കാടു ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം ഏർപ്പെടുത്തിയത്. തുരങ്കങ്ങൾ സഞ്ചാരയോഗ്യമല്ലാതായാൽ പകരം സംവിധാനമെന്ന നിലയിൽ പരമ്പരാഗത പാത നിലനിർത്തണമെന്ന അഭിപ്രായം പ്രാദേശികമായി ഉയർന്നിരുന്നു. നേരത്തെ ദേശീയപാതയായി ഉപയോഗിച്ചിരുന്ന കുതിരാൻ ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പാത തുരങ്കനിർമാണ സമയത്തു ടാറിങ് നടത്തിയിരുന്നു. 

ഈ റോഡിലൂടെ ഗതാഗതത്തിനായി കരാർ കമ്പനി പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കമുഖത്തിനു സമീപത്തായി പാറപൊട്ടിച്ചു വഴിയൊരുക്കുന്നതിനു ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം പാറപൊട്ടിക്കൽ കഴിഞ്ഞ വർഷം നിർത്തിവച്ചു. എന്നാൽ വിഷയത്തിൽ അപ്പീൽ നൽകുന്നതിനു സർക്കാരോ പ്രാദേശിക ഭരണകൂടങ്ങളോ തയാറായില്ല. കുതിരാൻ തുരങ്കത്തിനു സമീപത്തൊന്നും സമാന്തര പാതയില്ല. അതിനാൽ തുരങ്കം അടച്ചിടേണ്ടിവന്നാൽ നിലവിൽ തൃശൂരിൽനിന്നു പാലക്കാട് ഭാഗത്തേക്കു പോകുന്നതിനു 20 കിലോമീറ്ററെങ്കിലും അധികം സഞ്ചരിക്കേണ്ടിവരും. 

പൊടിശല്യം: കലക്ടർ ഇടപെട്ടു
തുരങ്കത്തിനുള്ളിലെ പൊടിശല്യവും ജനങ്ങൾക്കുണ്ടാവുന്ന ശ്വാസതടസ്സവും ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു. ദേശീയപാതയുടെ ക്വാളിറ്റി കൺട്രോൾ വിങ്ങിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം ഉടൻ തുറക്കണമെന്നു ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com