കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യ ബസിടിച്ച് 15 പേർക്ക് പരുക്ക്
Mail This Article
കേച്ചേരി∙ സംസ്ഥാന പാതയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യ ബസിടിച്ച് 15 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. രാവിലെ 8.45ന് കേച്ചേരി സെന്ററിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു സംഭവം. അപകടത്തെ തുടർന്ന് തൃശൂർ - കുന്നംകുളം സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തൃശൂർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസ് കേച്ചേരിയിലെ ഗതാഗതക്കുരുക്കിൽ നിർത്തിയിട്ടിരിക്കുന്നതിനിടെയാണ് അപകടം.
തൃശൂരിൽ നിന്ന് യാത്രക്കാരുമായി കുന്നംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ‘ദിവ്യ’ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കെഎസ്ആർടിസി ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് സമീപത്തെ ടിവിഎസിന്റെ ഷോറൂമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകരുകയും കടയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻ ഭാഗവും പിൻ ഭാഗവും തകർന്നു. സ്വകാര്യ ബസിന്റെ മുൻ ഭാഗവും പൂർണമായും തകർന്നു. പരുക്കേറ്റ യാത്രക്കാരെ കുന്നംകുളം യൂണിറ്റി ആശുപത്രിയിലും അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.