ADVERTISEMENT

തൃശൂർ ∙ ആരോടാണു ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണു ചങ്ങാത്തം കൂടേണ്ടാത്തതെന്നുമുള്ള കാര്യത്തിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നു പുതിയ പൊലീസ് സേനാംഗങ്ങളോടു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിങ്ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുതാര്യമായ പ്രവർത്തനമായിരിക്കണം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടത്. എന്താണു ചെയ്യേണ്ടതെന്നും എന്താണു ചെയ്യേണ്ടാത്തതെന്നും നല്ല തിരിച്ചറിവുണ്ടാകണം. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കു മുന്തിയ പരിഗണനയാണു സർക്കാർ നൽകുന്നത്. അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അങ്ങേയറ്റം അവധാനതയും കാര്യക്ഷമതയും പുലർത്തണം.

പരാതികളുമായി പൊലീസ് സ്റ്റേഷനുകളിൽ വരുന്നവർക്കു പരിഹാരം ലഭിച്ചെന്ന ആത്മവിശ്വാസത്തോടെ മടങ്ങാനാകണം. കേരള പൊലീസ് ജനകീയ സേനയായി മാറി. ഈ ജനകീയ മുഖത്തിന്റെ ഭാഗമാകാൻ പുതുതായി സേനയിലെത്തുന്നവർക്കു കഴിയണം. പൊലീസിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാനുള്ള ഇടപെടലിന്റെ ഭാഗമായാണു വനിതാ ബറ്റാലിയൻ രൂപീകരിച്ചത്. കൂടുതൽ വനിതകളെ സേനയിലെത്തിക്കും. അവർക്കു സേനയ്ക്കുള്ളിൽ മികച്ച അവസരങ്ങൾ നൽകും. സർക്കാർ ഇതുവരെ 1213 വനിതകൾക്കു സേനയിൽ നിയമനം നൽകി. മികച്ച പരിശീലനം പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തളരാതെ മുന്നോട്ട്...പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന് ഇടയിൽ തലകറങ്ങി നിലത്തിരുന്ന വനിതാ പോലീസ് സേനാംഗം സഹപ്രവർത്തകരുടെ കൈയിൽ നിന്നും വെള്ളം വാങ്ങി കുടിച്ച ശേഷം വീണ്ടും പരേഡിൽ പങ്കുചേരുന്നു. ചിത്രം: മനോരമ
തളരാതെ മുന്നോട്ട്...പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന് ഇടയിൽ തലകറങ്ങി നിലത്തിരുന്ന വനിതാ പോലീസ് സേനാംഗം സഹപ്രവർത്തകരുടെ കൈയിൽ നിന്നും വെള്ളം വാങ്ങി കുടിച്ച ശേഷം വീണ്ടും പരേഡിൽ പങ്കുചേരുന്നു. ചിത്രം: മനോരമ

 കേരള ആംഡ് വനിതാ ബറ്റാലിയനിലെ 290 വനിതകളും കെഎപി അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണു പുതിയ ബാച്ചിൽ. 9 മാസത്തെ പരിശീലനം പൂർത്തിയാക്കിയ ഇവർ ഭാരതീയ ന്യായ സംഹിത, നാഗരിക് സുരക്ഷാ സംഹിത, സുരക്ഷാ അധിനയം എന്നിവയിൽ പരിശീലനം നേടിയ ആദ്യ ബാച്ചാണ്. മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ, ഡിജിപി ഷേഖ് ദർവേഷ് സാഹിബ്, ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപി എം.ആർ. അജിത് കുമാർ, പൊലീസ് അക്കാദമി ഡയറക്ടർ എഡിജിപി പി. വിജയൻ എന്നിവർ സന്നിഹിതരായി.  എം.എസ്. ശ്രീക്കുട്ടി പരേഡ് കമാൻഡറായും അമൽ രാജു സെക്കൻഡ് കമാൻഡറുമായി. മികച്ച ഇൻഡോർ കെഡറ്റായി എം.എസ്. രേണുക, അമിത് ദേവ് എന്നിവരും ഷൂട്ടറായി കെ.എ. ഐശ്വര്യ, അഫിൻ ബി. അജിത് എന്നിവരും ഔട്ട്ഡോർ കെഡറ്റായി എം.എസ്. ശ്രീക്കുട്ടി, സൂരജ് ബാബുരാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com