ADVERTISEMENT

കുതിരാൻ ∙ അറ്റകുറ്റപ്പണിക്കായി അടച്ച കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം ഇന്നലെ രാത്രി ഗതാഗതത്തിനു തുറന്നുകൊടുത്തു. ജോലികളും പരിശോധനകളും പൂർത്തിയായതോടെ പാലക്കാട് നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിൽ രാത്രി 11.15 നാണു വാഹനങ്ങൾ കടത്തിവിട്ടത്. ഇതോടെ ഒരു വർഷത്തോളമായി തുടരുന്ന ഗതാഗത നിയന്ത്രണം പിൻവലിച്ചു.ഇന്നലെ ദേശീയപാത അതോറിറ്റിയുടെയും അഗ്നിരക്ഷാ സേനയുടെയും പരിശോധന പൂർത്തിയാക്കി അനുമതി നൽകിയതോടെയാണു തുരങ്കം തുറന്നുകൊടുത്തത്.

പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളാണ് ഇടതു തുരങ്കം വഴി കടന്നുപോകുന്നത്. തുരങ്കത്തിനുള്ളിലെ ഗാൻട്രി കോൺക്രീറ്റിങ്ങും മലിനവായു വലിച്ചെടുക്കുന്ന എക്സോസ്റ്റ് ഫാനുകളുടെയും ലൈറ്റുകളുടെയും ഫിറ്റിങ്ങും പൂർത്തിയാക്കി.2021 ജൂലൈ 31ന് ഗതാഗതത്തിനു തുറന്നുകൊടുത്ത ഇടതു തുരങ്കം കഴിഞ്ഞ ജനുവരി 8നാണ് അടച്ച് അറ്റകുറ്റപ്പണികൾ തുടങ്ങിയത്. 

 ഉച്ചയോടെ ജില്ലാ ഫയർ ഓഫിസർ എം.എസ്.സുവി, സ്റ്റേഷൻ ഓഫിസർ കെ.യു. വിജയകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം തുരങ്കത്തിനുള്ളിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ തൃപ്തിയറിയിച്ചു വൈകിട്ടോടെ കത്തു ലഭിച്ചതിനെത്തുടർന്നാണു തുരങ്കം തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. 

2021 ജൂലൈ 31നു ഗതാഗതം ആരംഭിച്ച തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക പാത മുകൾ ഭാഗത്തെ ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തുന്നതിനായി ജനുവരി 8നാണ് അടച്ചത്. 490 മീറ്റർ ഭാഗത്തു ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തുകയും തുരങ്കത്തിനുള്ളിലെ ലൈറ്റുകളും അഗ്നി സുരക്ഷാ ഉപകരണങ്ങളും എക്സോസ്റ്റുകളും പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. 

2 ദിവസം മുൻപു ജോലികൾ പൂർത്തിയാക്കിയെങ്കിലും അഗ്നിസുരക്ഷാ പരിശോധന നടന്നിരുന്നില്ല.  തുരങ്കത്തിനു സമീപം വഴുക്കുംപാറ മേൽപാതയിൽ കഴിഞ്ഞ വർഷം ജൂലൈ 5നു റോഡ് തകർന്നതിനെത്തുടർന്നു 6 മാസത്തിലധികം ഈ മേഖലയിൽ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ജനുവരി മുതൽ ആദ്യ തുരങ്കം അടച്ചിട്ടു.  

പാലക്കാടു ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കുമായാണ് 5മാസമായി ഗതാഗതം നടക്കുന്നത്. ആവശ്യത്തിനു മുന്നൊരുക്കമില്ലാതെ ഒരു തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം ഏർപ്പെടുത്തിയതോടെ തുരങ്കത്തിനുള്ളിൽ ആവശ്യത്തിനു വെളിച്ചവും ശുദ്ധവായുവുമില്ലാത്തത് അപകടഭീഷണി ഉയർത്തിയിരുന്നു. നിയന്ത്രണം നീങ്ങുന്നതോടെ മണ്ണുത്തി–വടക്കഞ്ചേരി ദേശീയ പാതയിലെ പ്രധാന യാത്രാ തടസ്സം നീങ്ങുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com