കുന്നംകുളം നഗരസഭയിൽ രാപകൽ സമരം സമാപിച്ചു
Mail This Article
കുന്നംകുളം ∙ സാഹിത്യകാരൻ സി.വി.ശ്രീരാമന് പട്ടണത്തിൽ വീണ്ടും സ്മാരകം നിർമിക്കാൻ നഗരസഭ ഭൂമി വിട്ടു നൽകാനുള്ള നീക്കത്തിനെതിരെ നഗരസഭയിലെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം നടത്തിയ രാപകൽ സമരം സമാപിച്ചു. കോൺഗ്രസ്, ബിജെപി, ആർഎംപി എന്നീ പാർട്ടികളിലെ കൗൺസിലർമാരാണ് നഗരസഭ കൗൺസിൽ ഹാളിൽ സമരം നടത്തിയത്. സി.വി.ശ്രീരാമൻ കൾചറൽ സെന്റർ നിർമിക്കാൻ പട്ടണത്തിനടുത്തുള്ള മധുരക്കുളത്ത് 10 സെന്റ് ഭൂമി അനുവദിക്കാനുളള സിപിഎം ഭരണസമിതിയുടെ തീരുമാനത്തിന് എതിരെ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതിപക്ഷ കൗൺസിലർമാർ രാത്രിയും കൗൺസിൽ ഹാളിൽ നിന്നു പുറത്തിറങ്ങാതെ സമരം നടത്തിയത്.
അഭിവാദ്യമർപ്പിച്ച് ചെന്നിത്തല
സി.വി.ശ്രീരാമന് ഇപ്പോൾ തന്നെ നഗരസഭയുടെ സ്മാരകം ഉണ്ടെന്നിരിക്കെ വീണ്ടും സ്മാരകം പണിയുന്നത് അനാവശ്യമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. നഗരസഭ കൗൺസിൽ യോഗത്തിൽ കഴിഞ്ഞ ദിവസം സി.വി.ശ്രീരാമൻ കൾചറൽ സെന്ററുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ സമരം നടത്തിയ കോൺഗ്രസ് കൗൺസിലർമാരെയും ഇവർക്ക് പിന്തുണ അറിയിച്ച് നഗരസഭ കവാടത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ബി.രാജീവിന്റെ നേതൃത്വത്തിൽ സമരം നടത്തിയ പ്രവർത്തകർക്കും അഭിവാദ്യമർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
അജൻഡ കത്തിച്ചു
നഗരസഭ കൗൺസിൽ യോഗത്തിന്റെ അജൻഡ കത്തിച്ച് ബിജെപിയിലെ നഗരസഭ കൗൺസിലർമാർ കൗൺസിൽ ഹാളിൽ നടത്തിയ സമരം സമാപിച്ചു. മധുരക്കുളത്തിന് സമീപത്തെ കോടികൾ വിലവരുന്ന 10 സെന്റ് ഭൂമി സിപിഎം നേതാക്കളുടെ ട്രസ്റ്റ് വിട്ടു നൽകാനുള്ള നീക്കം അനുവദിക്കില്ലെന്ന് നേതാക്കൾ സമാപന സമ്മേളനത്തിൽ വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഹേഷ് തിരുത്തിക്കാട് അധ്യക്ഷനായി. പി.ജെ.ജെബിൻ, ശ്രീജിത്ത് കമ്പിപ്പാലം, കെ.കെ.മുരളി, ഗീത ശശി എന്നിവർ പ്രസംഗിച്ചു.
ജനാധിപത്യ വിരുദ്ധമെന്ന് ആർഎംപിഐ
നഗരസഭയിൽ സിപിഎം ഭരണസമിതി ജനാധിപത്യം ഇല്ലാതാക്കിയെന്നും കൗൺസിൽ അംഗീകാരമില്ലാത്ത തീരുമാനങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആർഎംപിഐ കൗൺസിലർമാർ നടത്തിയ രാപകൽ സമരം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി പി.ജെ. മോൻസി ഉദ്ഘാടനം ചെയ്തു. വി.പി.കൃഷ്ണകുമാർ അധ്യക്ഷനായി. വി.കെ.തമ്പി, ടി.എ.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.