പാർക്കിങ്ങിനിടമില്ല; അതിരപ്പിള്ളിയിൽ വഴിക്കുരുക്ക്
Mail This Article
അതിരപ്പിള്ളി ∙അവധി ദിവസങ്ങളിൽ വെള്ളച്ചാട്ടം വിനോദ കേന്ദ്രത്തിന്റെ കവാടത്തിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് തടസ്സത്തിനു ഇടയാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ കുറവും ഗതാഗത സംവിധാനം താറുമാറാകുന്നതിനു പ്രധാന കാരണമാണ്. വ്യൂ പോയിന്റ് മുതൽ പ്രധാന കവാടം വരെയുള്ള റോഡിലെ വീതി കുറഞ്ഞ ഇടതു ഭാഗത്താണ് ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എതിരെ വരുന്ന വലിയ വാഹനങ്ങൾ കടന്നു പോകാൻ കഴിയാതെ വരുമ്പോൾ റോഡിൽ നീണ്ട വാഹന നിരയാണ് രൂപപ്പെടുന്നത്.
സന്ദർശകർ വരുന്ന ആയിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിനോദ കേന്ദ്രത്തിന്റെ പരിസരങ്ങളിൽ വേണ്ടത്ര സൗകര്യമില്ലാത്തതും മറ്റുള്ളവരുടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെടുത്തുന്നു. സഞ്ചാരികൾ കൂടുതലായി എത്തുന്ന ദിവസങ്ങളിൽ പ്രവേശന കവാടവും കടന്ന് വാഹനനിര ഒരു കിലോമീറ്ററിലധികം നീളും. പലവട്ടം രോഗികളുമായി എത്തിയ ആംബുലൻസുകൾ കടന്നു പോകാൻ കഴിയാതെ തിക്കിലും തിരക്കിലും അകപ്പെട്ട സംഭവങ്ങളുണ്ട്. വലിയ വാഹനങ്ങൾ പ്രവേശന കവാടത്തിൽ ആളെയിറക്കാൻ എത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയാൽ ഗതാഗത കുരുക്ക് കുറയുമെന്നാണ് സൂചന.തിരക്ക് കൂടിയാൽ ഇതുവഴി സർവീസ് നടത്തുന്ന ബസുകളും സമയത്തിന് ഓടിയെത്താൻ കഴിയാത്ത ബുദ്ധിമുട്ടുകയാണ്.