ഇരിങ്ങാലക്കുടയിൽ ഞാറ്റുവേല മഹോത്സവം ഇന്നു മുതൽ
Mail This Article
ഇരിങ്ങാലക്കുട∙ രാജീവ് ഗാന്ധി ടൗൺ ഹാളിൽ നഗരസഭയുടെ ഞാറ്റുവേല മഹോത്സവം ഇന്ന് ആരംഭിക്കും. കൊടിയേറ്റവും വിളംബരത്തിന്റെ ഉദ്ഘാടനവും നഗരസഭ അധ്യക്ഷ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു.കാർഷിക ഉൽപന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും വിൽപനയും പ്രദർശനവും നടന്നു. ഓലമെടയൽ, ഓലപ്പീപ്പി നിർമാണ മത്സരം, കാർഷിക അനുബന്ധ കലാപരിപാടി എന്നിവ അരങ്ങേറി.വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫെനി എബിൻ വെള്ളാനിക്കാരൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.സി.ഷിബിൻ, ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ, കൃഷി ഓഫിസർ യുഎ.ആൻസി എന്നിവർ പ്രസംഗിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ബിജെപി കൗൺസിലർമാർ ഞാറ്റുവേല സംഘാടക സമിതിയിലെ ചുമതലകൾ രാജിവച്ചു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലോ സമാപന സമ്മേളനത്തിലോ സുരേഷ് ഗോപിയെ പങ്കെടുപ്പിക്കണമെന്ന്, അദ്ദേഹം എംപി സ്ഥാനമേറ്റതിന്റെ തൊട്ടടുത്ത ദിവസം അറിയിക്കുകയും ക്ഷണക്കത്ത് ചെയർപഴ്സൻ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ലഭിച്ചില്ലെന്നു ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, ടി.കെ.ഷാജു, മായ അജയൻ, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, സരിത സുഭാഷ്, ആർച്ച അനീഷ്, മണ്ഡലം പ്രസിഡന്റുമാരായ ലിഷോൺ കട്ള, സത്യദേവ് എന്നിവർ കുറ്റപ്പെടുത്തി.
അതേസമയം, സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന ബിജെപി കൗൺസിലർമാരുടെ പ്രസ്താവന തെറ്റാണെന്നു നഗരസഭ അധ്യക്ഷ സുജ സഞ്ജീവ് കുമാർ പറഞ്ഞു. കേന്ദ്രമന്ത്രിയെ ഫോണിൽ വിളിച്ചപ്പോൾ സഹോദരനാണു സംസാരിച്ചതെന്നും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഈ മെയിൽ അയച്ചതെന്നും സുജ വ്യക്തമാക്കി.പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പുള്ള ജനപ്രതിനിധികളുടെ ചിത്രങ്ങളാണ് നോട്ടിസിൽ വച്ചിരിക്കുന്നതെന്നും ക്ഷണം സ്വീകരിച്ച് സുരേഷ് ഗോപി ഞാറ്റുവേലയിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും സുജ സഞ്ജീവ് കുമാർ പറഞ്ഞു.