ADVERTISEMENT

കാലിയായി റാക്കുകൾ; നിലയ്ക്കാറായി വിൽപന
തൃശൂർ ∙ സപ്ലൈകോയ്ക്ക് 50 വർഷം തികഞ്ഞതിന്റെ ആഘോഷപരിപാടികൾ ഇന്നലെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. എന്നാൽ, ഔട്‌ലറ്റുകളിൽ ആഘോഷപരിപാടികളിൽ പങ്കെടുത്തത് മാനേജരും ജീവനക്കാരും മാത്രം. സാധനങ്ങൾ ഇല്ലാത്തതിനാൽ പലയിടത്തും ദിവസങ്ങളായി ആവശ്യക്കാർ എത്താറില്ലാത്തതു തന്നെ കാരണം. ആഘോഷത്തെപ്പറ്റി അറിയാതെ സാധനങ്ങൾ വാങ്ങാനെത്തിയവരാകട്ടെ ‘ഇല്ല’ എന്ന പതിവുപല്ലവി കേട്ട് ഇന്നലെയും മടങ്ങേണ്ടി വന്നു.

പരിപ്പും പഞ്ചസാരയും വന്നിട്ട് മാസങ്ങളായി എന്നാണ് ജില്ലയിലെ മിക്ക സ്റ്റോറുകളിൽ നിന്നും പറഞ്ഞത്.  ചിലയിടങ്ങളിൽ വെളിച്ചെണ്ണയും എത്തിയിട്ട് ഏറെക്കാലമായി. വടക്കാഞ്ചേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ 6 മാസം മുൻപ് 60 ലക്ഷം രൂപയായിരുന്നു പ്രതിമാസ വിൽപന; കഴിഞ്ഞ മാസം അത് 10 ലക്ഷം രൂപയായി. 50 ലക്ഷം രൂപയുടെ വിൽപന ഉണ്ടായിരുന്ന മാളയിലെ സൂപ്പർ മാർക്കറ്റിൽ വിൽപന ഏറെക്കുറെ നിലച്ച മട്ടാണ്. മറ്റിടങ്ങളിലെ സ്ഥിതിയും ഇതൊക്കെത്തന്നെ.

തൃശൂർ സപ്ലൈകോ ഔട്ട്‌ലറ്റിൽ 13 ഇന സബ്സിഡി സാധനങ്ങളിൽ പയർ, പഞ്ചസാര, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, പീസ് പരിപ്പ്, ഉലുവ, ജീരകം എന്നിവ ഇല്ല. അരിയിൽ ജയ, കുറുവ ഇനങ്ങളും വിലകൂടിയ മട്ടയും ആണ് സ്റ്റോക്കുള്ളത്. ചേർപ്പിലും പരിപ്പും പഞ്ചസാരയും വെളിച്ചെണ്ണയും സ്റ്റോക്ക് ഇല്ല. പാവറട്ടിയിൽ പഞ്ചസാരയ്ക്കു പുറമേ മല്ലിക്കും ക്ഷാമമാണ്. വടക്കാഞ്ചേരിയിൽ സബ്സിഡി ഇനങ്ങളിൽ ആകെയുള്ളത് ചായപ്പൊടിയും വെളിച്ചെണ്ണയും മാത്രം. സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. 

അത് അന്വേഷിച്ച് ആരും എത്താറുമില്ല. കടവല്ലൂർ കരിക്കാട് മാവേലി സ്റ്റോറിൽ 13 സബ്സിഡി ഇനങ്ങളിൽ ആകെ സ്റ്റോക്ക് ഉള്ളത് അരിയും ഉഴുന്നും വെളിച്ചെണ്ണയും മാത്രം. പെരിഞ്ഞനത്തും പഞ്ചസാര അടക്കമുള്ള സാധനങ്ങളില്ല. പുന്നയൂർക്കുളത്തും പഞ്ചസാരയും പരിപ്പും മാസങ്ങളായി കിട്ടാറില്ലാത്തതിനാൽ ഇപ്പോൾ ആരും അത് അന്വേഷിച്ച് വരാറില്ല. 10 മാസമായി ഇവ സ്റ്റോക്ക് വന്നിട്ട്. കാഞ്ഞാണി മാവേലി സ്റ്റോറിൽ ശർക്കര, മുതിര, മല്ലിപ്പൊടി, മുളകുപൊടി, കടല, ജീരകം എന്നിവയ്ക്കും ക്ഷാമമുണ്ട്. അന്തിക്കാട്ട് മാവേലി സ്റ്റോറിലെ ബോർഡിൽ എല്ലാ സാധനങ്ങളുടെയും  വില രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റാക്കിൽ സാധനങ്ങളില്ല. 

കിഴുപ്പിള്ളിക്കര സെന്റർ മാവേലി സ്റ്റോറിൽ പഞ്ചസാരയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമേ, മുളക്, മല്ലി, പരിപ്പ്, പയർ തുടങ്ങി 9 സബ്സിഡി ഇനങ്ങൾ ഇല്ല. സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ഇനങ്ങളിൽ മിക്കതും ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ  37 വിതരണ കേന്ദ്രങ്ങളിലും ലഭ്യമല്ല. തുവരപരിപ്പ്, പീസ്പരിപ്പ്, കടല, ചെറുപയർ, മുതിര, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയാണ് ലഭ്യമല്ലാത്തത്. വെളിച്ചെണ്ണ അര ലീറ്ററാണ് സബ്സിഡി വിലയോടെ ലഭിക്കുക. 

വില്ലേജ് ഓഫിസർ ഇല്ലാതായിട്ട്  മാസം രണ്ട്
വടക്കേകാട് ∙ വൈലത്തൂർ–വടക്കേകാട് വില്ലേജ് ഓഫിസിൽ 2 മാസമായി വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ കെട്ടിക്കിടക്കുന്നത് മുന്നൂറിലധികം അപേക്ഷകൾ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളാണ് ഇതിൽ അധികവും. ആർഒആർ, പോക്കുവരവ്, ബാങ്ക് ലോണുകൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ ഇതിനു പുറമെയാണ്. ഓഫിസർ സ്ഥലം മാറി പോയതോടെയാണ് വില്ലേജ് ഓഫിസിനു നാഥനില്ലാതായത്.

പിന്നീട് പൂക്കോട്, പുന്നയൂർ, പുന്നയൂർക്കുളം, എടക്കഴിയൂർ വില്ലേജ് ഓഫിസർമാർക്ക് 2 ദിവസം വീതം ചുമതല നൽകലായിരുന്നു പതിവ്. എന്നാൽ അവർക്ക് സ്വന്തം ഓഫിസിൽ തന്നെ പിടിപ്പത് ജോലിയുള്ളതിനാൽ എത്താൻ കഴിയുന്നില്ല. വന്നാലും കാര്യമായി ഒന്നും ചെയ്യാനും കഴിയാറില്ല. ഇവിടെ വില്ലേജ് ഓഫിസർ ഉൾപ്പെടെ 5 ജീവനക്കാർ വേണമെന്നിരിക്കെ വില്ലേജ് അസിസ്റ്റന്റും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും മാത്രമെ ഉള്ളൂ. 

വിദ്യാർഥികൾക്ക് വിവിധ കോഴ്‌സുകൾക്കുള്ള പ്രവേശന കാലമായതിനാൽ സർട്ടിഫിക്കറ്റുകൾക്കായി ഒട്ടേറെ അപേക്ഷകളാണ് ദിവസവും എത്തുന്നത്.  ഓഫിസർ ഇല്ലാത്തതിനാൽ മറ്റു ജീവനക്കാർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പുന്നയൂർക്കുളത്തെ സ്‌പെഷൽ വില്ലേജ് ഓഫിസർക്ക് ഇവിടെ താൽക്കാലിക ചുമതല നൽകിയപ്പോഴാണ് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ കുറേയെണ്ണം തീർപ്പായത്. ഈ ഓഫിസർക്ക് 4 ദിവസം കൂടി മാത്രമാണ് ഇവിടെ ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com