കലാമണ്ഡലം വിദ്യാർഥി സമരം വിജയിച്ചു; യൂണിഫോം വിവാദത്തിന് അന്ത്യം
Mail This Article
ചെറുതുരുത്തി ∙ കഴിഞ്ഞ വർഷം കേരള കലാമണ്ഡലത്തിൽ വിതരണം ചെയ്ത യൂണിഫോമിനു വ്യത്യസ്തമായ തുക ഈടാക്കിയെന്നാരോപിച്ച് കേരള കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സമരം വിജയം കണ്ടു. ഒരേ ബാച്ചിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നു 4,500 രൂപയും 3,500 രൂപയുമാണ് വാങ്ങിച്ചിരുന്നതെന്നും എല്ലാവർക്കും ഒരു യൂണിഫോമാണ് വിതരണം ചെയ്തിരുന്നതെന്നുമായിരുന്നു വിദ്യാർഥികളുടെ ആരോപണം.
ഇന്നലെ വിദ്യാർഥികൾ പഠിപ്പു മുടക്കി സമരം നടത്തിയതിനെ തുടർന്ന് വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണനും റജിസ്ട്രാർ ഡോ. പി.രാജേഷ് കുമാറും വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജൂലൈ ഒന്നാം തീയതിക്കുള്ളിൽ വിദ്യാർഥികളുടെ യൂണിഫോം അളവ് നോക്കി ബാക്കി തുക തിരിച്ച് നൽകുന്നതിനും അലംഭാവം വരുത്തിയ കലാമണ്ഡലം ക്ലർക്ക് മണികണ്ഠനെ ജോലിയിൽ നിന്നു മാറ്റി നിർത്തുന്നതിനും സെക്‌ഷൻ ഓഫിസർ ജയചന്ദ്രനു കാരണം കാണിക്കൽ നോട്ടിസ് നൽകുന്നതിനും തീരുമാനിക്കുകയായിരുന്നു. കലാമണ്ഡലം വിദ്യാർഥി യൂണിയൻ സെക്രട്ടറി ബി.അമൽജിത്, വൈസ് ചെയർപഴ്സൻ ശ്രീലക്ഷ്മി പ്രദീപ്, യൂണിയൻ ഭാരവാഹികളായ കെ.എസ്.കൃഷ്ണദാസ്, എം.എസ്.അമർനാഥ്, വേണി ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.