ADVERTISEMENT

അതിരപ്പിള്ളി ∙ 13 വർഷമായി ഡോ.ഷിനിലിന്റെ രാവിലെ എട്ടുമണിക്ക് പുതുക്കാട്ടെ വീട്ടിൽ നിന്ന് ആരംഭിക്കുന്ന യാത്ര ചെന്നെത്തുന്നത് ജില്ലയിലെ വിവിധയിടങ്ങളിലെ വനഭൂമിയിലാണ്. ഡോക്ടറുടെ സേവനം കാത്തു കാടിനുള്ളിൽ കഴിയുന്നതു നൂറുകണക്കിന് ആളുകളും. നാഷനൽ ഹെൽത്ത് മിഷൻ തൃശൂർ ജില്ലയിൽ അനുവദിച്ച ട്രൈബൽ മൊബൈൽ യൂണിറ്റിലെ മെഡിക്കൽ ഓഫിസറാണ് ഷിനിൽ. വാണിയമ്പാറ മുതൽ മലക്കപ്പാറ വരെയുള്ള ആദിവാസി മേഖലകളിലാണ് സേവനമനുഷ്ഠിക്കുന്നത്.

ആമ്പല്ലൂർ സ്വദേശിയാണ് ഡോ. ഷിനിൽ ആതുരശുശ്രൂഷാ മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ ഡോക്ടർ 2011 മുതൽ ആദിവാസി ആരോഗ്യ സംരക്ഷണ മേഖലയിലെ സജീവ സാന്നിധ്യമാണ്.കാട്ടിലേക്കുള്ള മുടങ്ങാത്ത യാത്ര തുടങ്ങിയിട്ട് 13 വർഷം തികഞ്ഞു. വനത്തിൽ കഴിയുന്നവരുടെ ദുരിതജീവിതം നേരിട്ടറിയുന്നതിനാൽ അവധികൾക്കു വിശ്രമം നൽകിയാണ് കാട്ടിലേക്കുള്ള യാത്രകൾ. ആദ്യകാലങ്ങളിൽ പുറമേ നിന്നെത്തുന്നവരുമായി അകന്നു കഴിഞ്ഞിരുന്ന ആദിവാസി സമൂഹം ഇന്ന് ഡോക്ടറെ കാത്തിരിക്കുന്നവരാണ്. അതിരപ്പിളളി പഞ്ചായത്തിലെ വെട്ടിവിട്ട കാട്, അരേക്കാപ്പ് തുടങ്ങിയ ആദിവാസി മേഖലകൾ സഞ്ചാരപാതയിൽ നിന്ന് നാലു കിലോമീറ്ററിൽ അധികം ദൂരെയാണ്.

ഇവിടെയെല്ലാം ഡോക്ടറും സഹപ്രവർത്തകരും മാസത്തിൽ ഒരിക്കലെത്തി മരുന്നു നൽകുമ്പോൾ രോഗികൾക്കു ലഭിക്കുന്ന ആശ്വാസം ചെറുതല്ല. കാട്ടിലൂടെയുള്ള യാത്രയിൽ ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾ പലതാണ്. മിക്ക ആദിവാസി വീടുകളിലേക്കും ഇന്ന് റോഡ് മാർഗം എത്തിച്ചേരാമെങ്കിലും വഴിയില്ലാത്ത ഇടങ്ങളിൽ താമസിക്കുന്നവരുടെ വീട്ടുമുറ്റത്തും ഡോക്ടറും സഹപ്രവർത്തകരും കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ഹാജരാണ്. ഡോക്ടറുടെ സേവനത്തിന് ഊർജം പകർന്ന് ഭാര്യ ഡോ. ഷജീനയും മെഡിക്കൽ വിദ്യാർഥിയായ മകൾ വിഷ്ണുപ്രിയയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com