ADVERTISEMENT

ചാലക്കുടി ∙ നഗരസഭ 4 കോടി രൂപ ചെലവഴിച്ച കലാഭവൻ മണി സ്മാരക പാർക്ക് ഇനിയും പൂർണമായി പ്രവർത്തന സജ്ജമായില്ല. ഇതിനു  വേണ്ടതു കുറഞ്ഞതു 10 കോടി രൂപയാണ്. കോടികളുടെ കടബാധ്യതയുള്ള നഗരസഭയ്ക്ക് അടുത്ത കാലത്തൊന്നും ആ തുക  ഇതിനായി നീക്കി വയ്ക്കാനാകില്ല. സംസ്ഥാന സർക്കാരിൽ നിന്നു ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും‍  സർക്കാരും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തില്ല. നേരത്തെ റിഫ്രാക്ടറീസ് ഫാക്ടറി പ്രവർത്തിച്ചിരുന്ന വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പാർക്ക് സ്ഥാപിക്കാനായി നഗരസഭയ്ക്കു വിട്ടു നൽകണമെന്ന ആവശ്യം പതിറ്റാണ്ടിനു ശേഷമാണ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത്. 2011ൽ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഭൂമി നൽകാനുള്ള തീരുമാനമുണ്ടായി.

2014ൽ പാർക്ക് സ്ഥാപിക്കാനായി 4.5 ഏക്കർ ഭൂമി നഗരസഭയ്ക്കു നൽകിയുള്ള രേഖ വ്യവസായ വകുപ്പു നഗരസഭയ്ക്കു കൈമാറിയെങ്കിലും   ഭൂമി കൈമാറ്റത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന കുരുക്ക് വന്നു. തുടർന്ന് വ്യവസായ വകുപ്പിൽ നിന്നു ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു 2016ൽ 99 വർഷത്തേക്കു പാട്ടത്തുക ഒഴിവാക്കി  നഗരസഭയ്ക്കു പാട്ടത്തിനു കൈമാറുകയായിരുന്നു. 2017ൽ പാർക്ക് സജ്ജമാക്കാനായി ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ കരാറേൽപിച്ചു. ഇവർ 6 കോടി രൂപയുടെ പ്രോജക്ട് തയാറാക്കിയെങ്കിലും തുക ഇല്ലാതെ വന്നതോടെ ഇത് പുതുക്കേണ്ടി വന്നു. പിന്നീടു 3 കോടി രൂപയായി നിർമാണ ചെലവ് വെട്ടിച്ചുരുക്കി. 2 കോടി ടൂറിസം വകുപ്പും ഒരു കോടി രൂപ നഗരസഭ പദ്ധതി വിഹിതത്തിൽ നിന്നും അനുവദിച്ചു. 70 ലക്ഷം രൂപ നഗരസഭ അധികമായി അനുവദിച്ചു.

ചാലക്കുടി നഗരസഭ പാർക്കിൽ ഇട്ടിരിക്കുന്ന മണ്ണുമാന്തി യന്ത്രം.
ചാലക്കുടി നഗരസഭ പാർക്കിൽ ഇട്ടിരിക്കുന്ന മണ്ണുമാന്തി യന്ത്രം.

എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണു നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. പൂർണസജ്ജമായില്ലെങ്കിലും 2020ൽ ഉദ്ഘാടനം നടത്തി. എന്നാൽ ജനങ്ങൾക്കു തുറന്നു കൊടുക്കാനായില്ല. 2021ഡിസംബർ 24നു പ്രഭാത, സായാഹ്ന സവാരിക്കായി പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുത്തു. പുലർച്ചെ 5 മുതൽ 8.30 വരെയും വൈകിട്ട് 4 മുതൽ 8.30വരെയുമാണ് സമയം. ഏതാനും കളിയുപകരണങ്ങളും വിശ്രമകേന്ദ്രങ്ങളും ഇവിടെയുണ്ട്. റിഫ്രാക്ടറീസ് കമ്പനിയുടെ ചൂള പുതുക്കി നിർമിച്ചതും പാർക്കിലുണ്ട്. കറുകുറ്റി എസ്‌സിഎംഎസ് കോളജിനെ ചുമതലപ്പെടുത്തി പാർക്കിന്റെ പൂർത്തീകരണത്തിനായി പ്രോജക്ട് റിപ്പോർട്ട് തയാറാക്കി. തുടർന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാനായി മറ്റൊരു ഏജൻസിയെയും നിയോഗിച്ചു.

 2 വർഷം മുൻപ് പാർക്ക് പ്രവർത്തന സജ്ജമാക്കാനായി10 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭ ടൂറിസം വകുപ്പിനു പ്രോജക്ട് റിപ്പോർട്ട് സഹിതം കത്തു നൽകിയിരുന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പാർക്ക് പ്രവർത്തനസജ്ജമാക്കാൻ ആവശ്യപ്പെട്ടെങ്കിലും ടോക്കണ്‍ തുക മാത്രമാണ് അനുവദിച്ചത്.  കുട്ടികൾക്കുള്ള കൂടുതൽ കളിയുപകരണങ്ങളും മികച്ച ഉദ്യാനവും ഫൗണ്ടനുകളും കുളവും ഒരുക്കിയാൽ  ജനത്തിന് ഉല്ലാസത്തിനും വിശ്രമത്തിനും ഉപകരിക്കും. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കു സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നെത്തുന്ന ലക്ഷക്കണക്കിനു സഞ്ചാരികൾക്കും പ്രയോജനപ്പെടും. അതേ സമയം നാലര ഏക്കറില്‍ വിസ്തൃതമായ പാര്‍ക്കിന്റെ പരിപാലനത്തിനും വന്‍തുക പ്രതിമാസം ചെലവഴിക്കേണ്ടി വരും. സെക്യൂരിറ്റി, ശുചീകരണ വിഭാഗം തൊഴിലാളികള്‍, മാനേജര്‍ തുടങ്ങിയവരെ നിയോഗിക്കുന്നതോടെ വേതനം ഇനത്തിലും തുക ചെലവഴിക്കണം.

ചാലക്കുടി നഗരസഭ കലാഭവൻ മണി പാർക്ക് വളപ്പിൽ ഇട്ടിരിക്കുന്ന ബോർഡുകളും മറ്റ് ഉപയോഗശൂന്യമായ സാധനങ്ങളും. നിർമാണം പൂർത്തിയാകാത്ത ആനയുടെ ശിൽപവും കാണാം.
ചാലക്കുടി നഗരസഭ കലാഭവൻ മണി പാർക്ക് വളപ്പിൽ ഇട്ടിരിക്കുന്ന ബോർഡുകളും മറ്റ് ഉപയോഗശൂന്യമായ സാധനങ്ങളും. നിർമാണം പൂർത്തിയാകാത്ത ആനയുടെ ശിൽപവും കാണാം.

നിറം കെടുത്തി ബോർഡുകൾ
ചാലക്കുടി ∙ നഗരസഭ കലാഭവൻ മണി പാർക്കിന്റെ നിറം കെടുത്തി ബോർഡുകൾ. കവാടത്തിലെ ബോർഡ് ത്രിവർണ നിറത്തിലായതിനു പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇതിൽ പെയിന്റടിച്ചു വികൃതമാക്കിയത് വർഷങ്ങൾക്കു ശേഷവും പരിഹരിച്ചിട്ടില്ല. ബോർഡ് വൃത്തികേടാക്കിയതു ചൂണ്ടിക്കാട്ടി പൊലീസിൽ കേസ് നൽകിയിരുന്നു.  ഇപ്പോൾ അനധികൃതമായി നഗരസഭ പ്രദേശത്തു സ്ഥാപിച്ച ബോർഡുകൾ നഗരസഭ പിടികൂടിയത് പാർക്ക് വളപ്പിലാണു സൂക്ഷിച്ചിരിക്കുന്നത്. നഗരസഭയുടെ മണ്ണുമാന്തി യന്ത്രം ഇടുന്നതും പാർക്കിൽ തന്നെ. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി നിന്നു ചെളിയായ നിലയിലാണ് കുട്ടികളുടെ കളിയുപകരണങ്ങൾ സ്ഥാപിച്ച ഭാഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com