ADVERTISEMENT

കൊരട്ടി ∙ തിരുമുടിക്കുന്ന് മുടപ്പുഴയിൽ നിന്നു 10 ദിവസം മുൻപു കാണാതായ ദമ്പതികൾ വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ. അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടെയും മകൻ ആന്റോ (34), ഭാര്യ ജിസ് മോൾ (ജിസു–29) എന്നിവരാണു മരിച്ചത്.

ഇരുവരും വിഷം കുത്തിവച്ചാണു മരിച്ചതെന്നു പൊലീസ് അറിയിച്ചു. വെസ്റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെയും എൽസിയുടെയം മകളാണു ജിസ് മോൾ. ജൂൺ 22 നാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്നു കാണാതായത്.

കഴിഞ്ഞ ദിവസം ആന്റോ വിഷം കഴിച്ചതായി അറിയിച്ചു ജിസ് മോൾ നാട്ടിലേക്കു വിളിച്ചിരുന്നു. വേളാങ്കണ്ണിയിലാണെന്നും അറിയിച്ചു. ആന്റോയാണ് ആദ്യം വിഷം കുത്തിവച്ചത്.

ഗുരുതരാവസ്ഥയിൽ ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു നാട്ടിൽ നിന്നു ബന്ധുക്കളെത്തി.ആന്റോ രാത്രി മരിച്ചതോടെ ബന്ധുക്കളുടെ കണ്ണുവെട്ടിച്ചു ജിസ് മോൾ ആശുപത്രിയിൽ നിന്നു പോയി.

ബന്ധുക്കളും പൊലീസും താമസിക്കുന്ന ലോഡ്ജിലെത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ വിഷം കുത്തിവച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു ജിസ് മോൾ.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വേളാങ്കണ്ണിയിൽ എത്തിയ ശേഷം ആന്റോ അവിടെ ജോലിയിൽ പ്രവേശിച്ചതായാണു വിവരം. ദമ്പതികൾക്കു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

വീട് വിറ്റു തന്റെ കടങ്ങൾ വീട്ടണമെന്നു ചൊവ്വാഴ്‌ച സഹോദരിക്ക് ആന്റോ ശബ്ദ സന്ദേശം അയച്ചിരുന്നു. 3 വർഷമായി ഇവർ മുടപ്പുഴയിൽ താമസമാക്കിയിട്ട്. കുറച്ചു മാസങ്ങളായി ആന്റോയും ജിസ് മോളും അയൽക്കാരുമായി പോലും അധികം സംസാരിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു.

ജാതിക്ക കച്ചവടക്കാരനായിരുന്നു ആന്റോ. ഗൃഹോപകരണങ്ങളും മൊബൈലും മറ്റും വിവിധ ഫിനാൻസ് കമ്പനികളിൽ നിന്നു വായ്പയെടുത്തു വാങ്ങിയിരുന്നു. അടവു മുടങ്ങിയതായാണ് സൂചന.ഇവർക്ക് കുട്ടികൾ ഇല്ല. സംസ്കാരം ഇന്ന് 11ന് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ.  (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഹെൽപ്‌ലൈൻ: 1056, 0471 2552056).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com