ബവ്കോയിൽ വീണ്ടും സുരക്ഷാജീവനക്കാരെ നിയമിക്കുന്നു
Mail This Article
തൃശൂർ ∙ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ബവ്‌റിജസ് കോർപറേഷൻ (ബവ്‌കോ) മദ്യവും വരുമാനവും കാത്തുസൂക്ഷിക്കാൻ വീണ്ടും സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. ഇതിനായി, കേരളത്തിൽ പ്രവർത്തിക്കുന്ന, റജിസ്ട്രേഷനും ലൈസൻസുമുള്ള സുരക്ഷാ ഏജൻസികളിൽനിന്നു ടെൻഡർ ക്ഷണിച്ചു. 2017 മുതൽ സ്വകാര്യ ഏജൻസികളിൽനിന്നു സുരക്ഷാജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചതോടെ എല്ലാവരെയും 2021ൽ പിരിച്ചുവിട്ടു.
വെയർഹൗസുകൾക്കും ഔട്‌ലെറ്റുകൾക്കും ക്യാമറകളുടെ മാത്രം സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ നിയമനം. ബവ്‌റിജസ് കോർപറേഷന്റെ തിരുവനന്തപുരം പാളയത്തെ പ്രധാന ഓഫിസ് (ബവ്കോ ടവർ), മറ്റ് ഓഫിസുകൾ, വെയർഹൗസുകൾ, യൂണിറ്റുകൾ (ഔട്‌ലെറ്റ്) എന്നിവിടങ്ങളിലേക്കാണു സുരക്ഷാ ജീവനക്കാരെ ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമിക്കുക. 22 മുതൽ 60 വയസ്സു വരെയുള്ളവരും എഴുത്തും വായനയും അറിയുന്നവരും മികച്ച ശാരീരികക്ഷമത ഉള്ളവരെയുമാണ് ഏജൻസി ലഭ്യമാക്കേണ്ടതെന്ന് ബവ്കോയുടെ നിർദേശങ്ങളിൽ പറയുന്നു. മോഷണമുണ്ടായാൽ സുരക്ഷാ ഏജൻസി കോർപറേഷനു റിപ്പോർട്ട് നൽകുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം.