കോടശരിയിൽ വീണ്ടും ആഫ്രിക്കൻ ഒച്ച്; കവുങ്ങും തെങ്ങും വരെ നശിപ്പിക്കുന്നു
Mail This Article
കോടശേരി ∙ പഞ്ചായത്തിലെ കവുങ്ങിൻ തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ച് വ്യാപകമായതോടെ കർഷകർ ആശങ്കയിൽ. കോർമല മേഖലയിലാണ് ഇവയുടെ ശല്യം പെരുകിയത്. രോഗങ്ങൾക്കു കാരണമാകുന്ന ഒച്ചിന്റെ സഞ്ചാരം കൂടുതലും രാത്രിയിലാണ്. ഇടവിള കൃഷികളിലും ചെറിയ ചെടികളിലുമായിരുന്നു ആദ്യ കാലങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ആക്രമണം.ഇപ്പോൾ കവുങ്ങ് തെങ്ങ് മുതലായ ഫലവൃക്ഷങ്ങൾ വരെ ഒച്ച് തിന്നുകയാണ്. കവുങ്ങിന്റെ തടിയിലെ തൊലി മുതൽ കൂമ്പൂം കുലകളും തിന്നുതീർക്കുന്നു.
ഇലതിങ്ങി വളരുന്ന മറ്റു അലങ്കാര ചെടികളിലും ഒച്ച് ശല്യം രൂക്ഷമാണ്. മഴക്കാലമായതോടെ ഒച്ച് ശല്യം ക്രമാതീതമായി വർധിച്ചതായി കർഷകർ പറയുന്നു. വീടിന്റെ ചുമരുകളിലും റോഡിലും കൂട്ടത്തോടെയാണ് ഇവയെത്തുന്നത്. വൻ തോതിൽ കൃഷിനാശം വരുത്തുന്ന ആഫ്രിക്കൻ ഒച്ചിനെതിരെയുള്ള പ്രതിരോധമാർഗം ഉപ്പും തുരിശുമാണ്. കാർഷിക മേഖലയിൽ കനത്തനാശം വരുത്തുന്ന ഇവയെ നിർമാർജനം ചെയ്യുന്നതിന് പഞ്ചായത്ത് തലത്തിൽ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.