കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കാടുകയറി ദിശാ ബോർഡുകൾ
Mail This Article
എരുമപ്പെട്ടി∙ കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ദിശാ ബോർഡുകളിൽ കാടുകയറി കാഴ്ച മറയ്ക്കുന്നത് വാഹന യാത്രക്കാർക്ക് ദുരിതമായി. 3 വർഷം മുൻപ് സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായാണ് ബോർഡുകൾ സ്ഥാപിച്ചത്. സംസ്ഥാന പാതയിൽ നിന്ന് പലഭാഗത്തും അരികുവശങ്ങളിലേക്ക് റോഡുകൾ തിരിഞ്ഞു പോകുന്ന ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ദിശാ ബോർഡുകൾ വാഹന യാത്രക്കാർക്ക് ഏറെ സഹായകരമായിരുന്നു.
എന്നാൽ, ഇപ്പോൾ ഇൗ ബോർഡുകളിൽ മിക്കവയും വഴിയരുകിൽ വളർന്നു നിൽക്കുന്ന കാടും വള്ളിപ്പടർപ്പും പടർന്നു കയറി ബോർഡുകളുടെ ദൃശ്യം മറയ്ക്കുന്ന നിലയിലായി. വെള്ളറക്കാട്, പാഴിയോട്ടുമുറി എന്നിവിടങ്ങളിൽ റോഡരികിലെ മിക്കവാറും ദിശാ ബോർഡുകൾ ഇത്തരത്തിൽ കാടുമൂടിയ നിലയിലാണ്. മുൻപെല്ലാം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കാട് വെട്ടി വൃത്തിയാക്കാറുണ്ടായിരുന്നവെങ്കിലും കുറേകാലങ്ങളായി ഇത്തരത്തിൽ പ്രവൃത്തികൾ ഇല്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.