ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ കോഴിക്കുന്നിൽ ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ സൂക്ഷിക്കുന്ന ഗോഡൗണിൽ ഉണ്ടായ തീപിടിത്തം നീണ്ടുനിന്നത് 7 മണിക്കൂർ. അഗ്നിരക്ഷാസേനയുടെ പ്രവർത്തനം ഇന്നലെ പുലർച്ചെ 3 വരെ നീണ്ടു. തീ പൂർണമായും അണഞ്ഞെന്ന് കരുതി പിൻവാങ്ങിയശേഷം സ്ഥലത്ത് വീണ്ടും തീനാളം ഉയർന്നതിനെത്തുടർന്ന് രക്ഷാസേനയ്ക്ക് രാവിലെ വീണ്ടും അപകടസ്ഥലത്തേക്ക് എത്തേണ്ടിവന്നു.

തൃശൂർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, പുതുക്കാട് എന്നീ സ്റ്റേഷനുകളിൽ നിന്ന് 7 ഫയർ എൻജിനുകൾ എത്തിച്ച് അറുപതിലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രവർത്തനത്തിൽ പങ്കാളികളായി. സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ വി.വൈശാഖ് (തൃശൂർ), വിജയ് കൃഷ്ണ (കുന്നംകുളം), നിതീഷ് (വടക്കാഞ്ചേരി), അസിസ്റ്റന്റ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ പി.എസ്.ഷാനവാസ്, പി.അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സുരക്ഷാ സൗകര്യങ്ങളൊരുക്കി വൻ പൊലീസ് സംഘവും സ്ഥലത്ത് പുലർച്ചെവരെ ക്യാംപ് ചെയ്തു.

ഇരുചക്രവാഹനങ്ങളുടെ ആഡംബര ഫിറ്റിങ്ങുകളാണ് കൂടുതലായും ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.  ഗോഡൗണിന് 5000 ചതുരശ്ര അടിയിലധികം വിസ്തീർണമുണ്ട്. 3.30 കോടിരൂപയുടെ സ്പെയർ പാർട്സുകൾ അഗ്നിക്കിരയായതായി ഉടമകൾ പൊലീസിന് മൊഴി നൽകി. തകരം കൊണ്ട് നിർമിച്ച ഗോഡൗണും അഗ്നിക്കിരയായി. സ്ഥാപനത്തിന് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ലൈസൻസ് ഉണ്ട്. എന്നാൽ ഗോഡൗൺ പ്രവർത്തിക്കുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.

അഗ്നിരക്ഷാസേനയുടെ അനുമതി സ്ഥാപനത്തിനുണ്ടായിരുന്നില്ല.  അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് കടന്നുചെല്ലാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. തീപടർന്നത് എവിടെ നിന്നാണെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. നൂറിലേറെ തൊഴിലാളികളുണ്ട്. ജോലി കഴിഞ്ഞ് ജീവനക്കാർ മടങ്ങിയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com