ADVERTISEMENT

തൃശൂർ ∙ 15 വർഷത്തിലധികമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; ഉടനടി പൊളിക്കാൻ കരാർ നൽകിയിട്ടും 16 മാസത്തോളമായി തൊടാൻ കഴിഞ്ഞിട്ടില്ല. തൂണുകളും മുകൾഭാഗവും ഇളകി ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന രണ്ടു നില കെട്ടിടം ആളില്ലാത്ത പ്രദേശത്തല്ല. 54 നഴ്സറി കുട്ടികളടക്കം 260 കുട്ടികൾ പഠിക്കുന്ന ഒളരിക്കര ഗവ.യുപി സ്കൂളിലാണ് ഈ ദുരവസ്ഥ.  62 സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ ചുമതലയുള്ള തൃശൂർ വെസ്റ്റ് ഉപജില്ലാ കാര്യാലയവും 46 വർഷം പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഇടവേളകളിൽ കുട്ടികൾ കെട്ടിടത്തിലേക്ക് ഓടിക്കയറാതിരിക്കാൻ അധ്യാപകർ കാവൽ നിൽക്കേണ്ട ഗതികേടാണ്. രക്ഷിതാക്കളുടെ ആശങ്ക വർധിച്ചതോടെ ഈ അധ്യയന വർഷം 10 കുട്ടികളാണു ടിസി വാങ്ങി സ്കൂൾ മാറിപ്പോയത്.

മേയർക്കും ഉപ വിദ്യാഭ്യാസ ഡയറക്ടർക്കും 5 തവണ കത്തു നൽകി. എഇഒ യോഗം വിളിക്കാൻ പോലും തയാറായില്ല. മഴക്കാലത്തിനു മുൻപ് 2 തവണ മേയറെ നേരിൽക്കണ്ടു പരാതി പറഞ്ഞു. മേയ് 30നു കെട്ടിടം ഒഴിയാൻ മേയർ ആവശ്യപ്പെട്ടിട്ടും ആഴ്ചകൾക്കു മുൻപ് മേയറുടെ ചേംബറിൽ പ്രശ്ന പരിഹാര ചർച്ച നടത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. 

ഒരു കുട്ടിയുടെ കുറവുമൂലം ഒരു യുപി ഡിവിഷൻ നഷ്ടപ്പെട്ടു. 1978 ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ഈ കെട്ടിടം. ശോച്യാവസ്ഥ കണ്ടതോടെ വർഷങ്ങൾക്കു മുൻപേ ഇവിടത്തെ അധ്യയനം അവസാനിപ്പിച്ചിരുന്നു. കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയതിനു കണക്കില്ല. ഉപജില്ലാ ഓഫിസിനു മറ്റൊരു സ്ഥലം കണ്ടെത്തുന്ന മുറയ്ക്കു കെട്ടിടം പൊളിച്ചു നീക്കേണ്ടതാണെന്നു കാണിച്ച് 2 വർഷം മുൻപ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു.

കെട്ടിടം ദ്രവിച്ച് ഒരുവശം ഇടിഞ്ഞ നിലയിലാണ്. മുകൾ നിലയിലെ ശുചിമുറി ഏതു നിമിഷവും നിലംപൊത്താം. വരാന്തയിലെ കോൺക്രീറ്റ് അടർന്നു വീണുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ആര് ഉത്തരവാദിത്തം പറയും. 

കെട്ടിടം പൊളിക്കാൻ കോർപറേഷൻ ലേലം നൽകുകയും ലേലത്തുകയ്ക്കു മുകളിലായി കരാറുകാരൻ കരാറെടുക്കുകയും ചെയ്തു.  എന്നാൽ കോർപറേഷനും വിദ്യാഭ്യാസ ഓഫിസ് അധികൃതരും തമ്മിൽ പകരം സ്ഥലത്തെ ചൊല്ലി തർക്കം നീണ്ടതോടെ കെട്ടിടം തൊടാൻ കരാറുകാരനു കഴിഞ്ഞില്ല.  കെട്ടിടത്തോടു ചേർന്നാണു മഴവെള്ള സംഭരണിയും കുട്ടികൾക്കുമുള്ള ശുചിമുറിയും ഉള്ളത്. കുട്ടികൾ ആവശ്യം കഴിഞ്ഞു മടങ്ങുംവരെ ഇവിടെയും കാവൽ നിൽക്കേണ്ട സ്ഥിതിയിലാണ് അധ്യാപകർ. 

ഓഫിസ് മാറ്റാവുന്ന രണ്ടു മൂന്നു സ്ഥലങ്ങൾ കോർപറേഷൻ അധികൃതർക്കു കാണിച്ചുകൊടുത്തിട്ടുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ വാടകയ്ക്കു സ്ഥലമേറ്റെടുത്തു മാറാൻ കഴിയില്ല. കോർപറേഷനു കീഴിലെ സ്കൂളുകളിലെ കെട്ടിടം ആവശ്യപ്പെട്ടിട്ടും അനുമതി നൽകിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com