ADVERTISEMENT

ദേശമംഗലം ∙ ജപ്തി ഭീഷണിയിൽ നിന്നിരുന്ന സുഫൈലിനും കുടുംബത്തിനും താങ്ങായി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. മുൻപു ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ ബാങ്കിൽ നിന്നു തിരികെ എടുപ്പിച്ച വീടിന്റെ ആധാരം മറിയ ഉമ്മൻ കുടുംബത്തിനു കൈമാറി. ജനസമ്പർക്ക പരിപാടിയിലൂടെയാണ് ഉമ്മൻ ചാണ്ടി ദേശമംഗലം പള്ളം സ്വദേശിയായ സുഫൈലിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയത്. സുഫൈൽ ഉൾപ്പെടെ കുടുംബത്തിലെ നാലു പേർക്കാണ് കാഴ്ച നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബത്തിന്റെ ചികിത്സാച്ചെലവിനും തകർന്ന വീടു നന്നാക്കാനും വേണ്ടി ദേശമംഗലം സർവീസ് സഹകരണ ബാങ്കിൽ വീടും സ്ഥലവും പണയപ്പെടുത്തി ഏകദേശം 3 ലക്ഷം രൂപയാണ് ലോണായി എടുത്തിരുന്നത്.

കോവിഡുകാലത്തു ജോലി നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടി ജപ്തി ഭീഷണി നേരിടുമ്പോഴാണ് ഉമ്മൻ ചാണ്ടി ഇവരുടെ രക്ഷകനായി എത്തുന്നത്. ഭക്ഷണസാധനങ്ങളും മറ്റും  കോൺഗ്രസ് പ്രാദേശിക നേതാക്കന്മാർ മുഖേന എത്തിച്ചു നൽകിയിരുന്നതിനു പുറമേ ഏകദേശം അഞ്ചര ലക്ഷം രൂപ 2 ഗഡുക്കളായി അടച്ചാണ് ബാങ്കിൽ നിന്ന് ആധാരം തിരികെയെടുപ്പിച്ചത്. ഉമ്മൻ ചാണ്ടിയിൽ നിന്നും വീടിന്റെ ആധാരം ഏറ്റുവാങ്ങണമെന്ന കുടുംബത്തിന്റെ ആഗ്രഹം നടന്നില്ലെങ്കിലും മകൾ മറിയ ഉമ്മനിൽ നിന്ന് ആധാരം ഏറ്റുവാങ്ങിയ സന്തോഷത്തിലാണു കുടുംബാംഗങ്ങൾ. 

കോൺഗ്രസ് വളളത്തോൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉമ്മൻ ചാണ്ടി ‘അണയാത്ത സൂര്യൻ’ എന്ന പത്തു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഇതു നൽകിയത്. സുഫൈലിന്റെ പള്ളത്തെ വസതിയിൽ ഉമ്മൻ‌ ചാണ്ടിയുടെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയെ തുടർന്ന് ഒരുക്കിയ ചടങ്ങിലാണ് മറിയ ഉമ്മൻ ആധാരം കൈമാറിയത്. ബ്ലോക്ക്‌ പ്രസിഡന്റ് പി.ഐ.ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മഹേഷ്‌ വെളുത്തേടത്ത്, ലക്ഷ്മണൻ, കെ.പ്രേമൻ, സണ്ണി, എ.കെ.അബ്ദുള്ള, ഷറഫുദ്ധീൻ തങ്ങൾ, മായ ഉദയൻ, ബീന, സൈനബ, ഒ.യു.ബഷീർ, പി.ടി.തമ്പി മണി, അർഷാദ്, പി.സുലൈമാൻ, സൈതലവി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com