ദുരന്തനിവാരണ പ്രവർത്തനം വിലയിരുത്തി
Mail This Article
ചാലക്കുടി ∙ താലൂക്ക് ഓഫിസിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തഹസിൽദാർ സി.എം.അബ്ദുൽ മജീദ്, ഡിവൈഎസ്പി കെ.സുമേഷ്, ഡിഎഫ്ഒമാരായ വെങ്കിടേശ്വരൻ, ആർ.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. റോഡുകളിൽ തടസ്സമായി നിൽക്കുന്ന മരങ്ങൾ വേഗം മുറിച്ചുമാറ്റാൻ ശ്രമിക്കുമെന്നു ഡിഎഫ്ഒമാർ ഉറപ്പുനൽകി.
മാള ∙ വി.ആർ.സുനിൽകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗം അന്നമനട, കുഴൂർ, പൊയ്യ പഞ്ചായത്തുകളിലെ ഒരുക്കം യോഗം ചർച്ച ചെയ്തു. പുത്തൻവേലിക്കര കെഎസ്ഇബി ഓഫിസിലെ സേവനങ്ങളെക്കുറിച്ചുള്ള നാട്ടുകാരുടെ പരാതി പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് യോഗത്തിൽ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.വിനോദ്, സാജൻ കൊടിയൻ, ബിന്ദു ബാബു, പി.വി.റോമി, ഡെയ്സി തോമസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട∙ ചിമ്മിനി ഡാം തുറന്നതിനാൽ വെള്ളത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
പുഴയിലെയും കെഎൽഡിസി കനാലുകളിലെയും റഗുലേറ്റർ ഷട്ടറുകളിൽ അടിയുന്ന മരങ്ങൾ എത്രയും വേഗം നീക്കുന്നതിന് ഇറിഗേഷൻ വകുപ്പിനു നിർദേശം നൽകി. ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സഞ്ജീവ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലൻ, സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ.ചിറ്റിലപ്പിള്ളി, ടി.വി.ലത, ബിന്ദു പ്രദീപ്, കെ.എസ്.ധനീഷ്, കെ.എസ്.തമ്പി, ലിജി രതീഷ്, രതി സുരേഷ്, ജില്ലാ പഞ്ചായത്തംഗം പി.കെ.ഡേവിസ്, തഹസിൽദാർ സി.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു
ഇല്ലിക്കൽ റഗുലേറ്റർ മന്ത്രിയെ ധരിപ്പിച്ച് നാട്ടുകാർ
കരുവന്നൂർ∙ ഇല്ലിക്കൽ റഗുലേറ്റർ ഷട്ടറുകൾ യഥാസമയം ഉയർത്താത്തതിനാലാണ് പുഴയുടെ തീരപ്രദേശം വെള്ളക്കെട്ടിലാകുന്നതെന്നു ചൂണ്ടിക്കാട്ടി, സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി ആർ.ബിന്ദുവിനെയും ഉദ്യോഗസ്ഥരെയും നാട്ടുകാർ ചോദ്യം ചെയ്തു. ഷട്ടറിൽ തടഞ്ഞ മാലിന്യം അഗ്നിരക്ഷാസേന നീക്കുന്നതു വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. അടുത്ത വർഷം ഈ പ്രശ്നം നേരിടേണ്ടിവരില്ലെന്നു മന്ത്രി ഉറപ്പുനൽകി.