ഹൃദയ ശസ്ത്രക്രിയ: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഊഴം കാത്ത് ഇരുന്നൂറിലേറെ പേർ
Mail This Article
മുളങ്കുന്നത്തുകാവ്∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് അവസരം കാത്ത് കഴിയുന്നത് ഇരുനൂറിലേറെപേർ. പട്ടികയിൽ ഉൾപ്പെട്ട് 6 മാസത്തെ കാത്തിരിപ്പിനു ശേഷമാണ് ശസ്ത്രക്രിയയ്ക്കുള്ള തീയതി ലഭിക്കുക. കാത്തിരിക്കുന്ന രോഗികളിൽ 90 ശതമാനത്തിൽ അധികം പേരും ബിപിഎൽ വരുമാനക്കാരാണ്. ആഴ്ചയിൽ രണ്ട് ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. ഈ സ്ഥിതിയിൽ ഇരുന്നൂറാമത്തെ രോഗിക്ക് ശസ്ത്രക്രിയ 2 വർഷത്തിനു ശേഷം മാത്രം. പെർഫ്യൂഷനിസ്റ്റ് വിദേശ ജോലി തേടി ദീർഘകാല അവധിയിൽ പോയതിനാൽ രണ്ടാഴ്ചയായി ശസ്ത്രക്രിയ നടക്കുന്നില്ല.അതുകൊണ്ടു കാത്തിരിപ്പു സമയം വീണ്ടും കൂടും. പകരം നിയമനം ഉണ്ടാകുന്നതുവരെ ശസ്ത്രക്രിയ നടക്കില്ലെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.
പെർഫ്യൂഷനിസ്റ്റിനെ വിദേശത്ത് ജോലിക്ക് പോകാൻ സൗകര്യമൊരുക്കി നൽകിയതാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയത്. മുന്നറിയിപ്പും കൂടിയാലോചനയും നടത്താതെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിദേശത്ത് പോകാൻ ലീവ് അനുവദിച്ചത്. രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയതുമില്ല. ഉത്തരവ് ഓഫിസിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളജ് അധികൃതർ അറിയുന്നത്. പെർഫ്യൂഷനിസ്റ്റിന്റെ ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ നൽകുന്ന വിശദീകരണം.
ശസ്ത്രക്രിയ പുരോഗമിക്കുമ്പോൾ രോഗിയുമായി ബന്ധിപ്പിക്കുന്ന അനുബന്ധ ചികിത്സാ ഉപകരണങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ജോലിയാണ് പെർഫ്യൂഷനിസ്റ്റ് നിർവഹിക്കുന്നത്. ഈ സാങ്കേതിക വിദഗ്ധന്റെ അസാന്നിധ്യയത്തിൽ ഡോക്ടർക്ക് ഹൃദയം തുറന്നു ശസ്ത്രക്രിയ ചെയ്യാൻ കഴിയില്ല. അതിസങ്കീർണ ജോലി ചെയ്യുന്ന ടെക്നിഷ്യനെ നിയമിക്കണമെങ്കിൽ ചുരുങ്ങിയത് 4 മാസം കാത്തിരിക്കേണ്ടി വരും.