ADVERTISEMENT

ഗുരുവായൂർ ∙ അഷ്ടമിരോഹിണിക്ക് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയതു പതിനായിരങ്ങൾ. ഞായറാഴ്ച രാത്രി ആരംഭിച്ച തിരക്ക് ഇന്നലെ രാത്രിയും തുടർന്നു. ഇന്നലെ പുലർച്ചെ മൂന്നിനുള്ള നിർമാല്യ ദർശനത്തിനായി 9 മണിക്കൂർ മുൻപേ ക്യൂ ആരംഭിച്ചു. പിറന്നാൾ സദ്യയിൽ 42,000 പേർ പങ്കെടുത്തു. രാവിലെ 9ന് ആരംഭിച്ച സദ്യ അവസാനിച്ചത് വൈകിട്ട് 5.30ന്. 4.25 ടൺ അരിയുടെ ചോറ് തയാറാക്കി.

വൻ തിരക്കുണ്ടായിട്ടും  വരി നിന്ന എല്ലാ ഭക്തരെയും അകത്തു പ്രവേശിപ്പിച്ചു ദർശനം നൽകി. കൊടിമരത്തിനു സമീപത്തു കൂടി ഭക്തരെ നേരിട്ട് അകത്തേക്ക് പ്രവേശിപ്പിച്ചതിനാൽ തിരക്കു നിയന്ത്രിക്കാനായി.  76.26 ലക്ഷം രൂപയുടെ വഴിപാടുകൾ നടന്നു. 11.34 ലക്ഷം രൂപയുടെ പാൽപായസവും 7.25 ലക്ഷം രൂപയുടെ നെയ്യപ്പവും വഴിപാടുണ്ടായി. 168 കുട്ടികൾക്ക്  ചോറൂണ് നടന്നു. നെയ് വിളക്കു വഴിപാട് വരുമാനം 20.77 ലക്ഷം രൂപയാണ്. 2000 പേർ ഈ സംവിധാനം ഉപയോഗിച്ച് വരി നിൽക്കാതെ  ദർശനം നടത്തി. 

ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും സ്വർണക്കോലം എഴുന്നള്ളിച്ചു കാഴ്ചശീവേലി നടന്നു. രാവിലെ മേളത്തിനു പെരുവനം കുട്ടൻമാരാരും ഉച്ചകഴിഞ്ഞ് പഞ്ചവാദ്യത്തിനു വൈക്കം ചന്ദ്രനും പ്രമാണം വഹിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക നാഗസ്വര മേളത്തിന് ഗുരുവായൂർ ശശി മാരാർ, ഗുരുവായൂർ മുരളി എന്നിവർ നേതൃത്വം നൽകി. പുലർച്ചെ 3നു തുറന്ന ക്ഷേത്രനട ഉച്ചപ്പൂജ കഴിഞ്ഞ് 2.15ന് അടച്ചു. അര മണിക്കൂറിനു ശേഷം വീണ്ടും നട തുറന്ന് ശീവേലി ആരംഭിച്ചു.

അശുദ്ധി കണ്ടു പുണ്യാഹം വേണ്ടി വന്നതിനാൽ കാഴ്ചശീവേലിയുടെ പഞ്ചവാദ്യവും മേളവും നേരത്തെ പൂർത്തിയാക്കി. നായർ സമാജം അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റിയുടെ ഉറിയടി ഘോഷയാത്രയും ഗോപികാനൃത്തവും കാണാൻ മമ്മിയൂർ ക്ഷേത്രത്തിലും വീഥികളിലും വൻ തിരക്കായി.  രാത്രി എഴുന്നള്ളിപ്പ്, കെട്ടുകാഴ്ചകൾ എന്നിവയുണ്ടായി. പെരുന്തട്ട ക്ഷേത്രം, നെന്മിനി ബലരാമ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നു ഘോഷയാത്ര ഗുരുവായൂരിലെത്തി. ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ നൂറുകണക്കിനു കുട്ടികൾ ശ്രീകൃഷ്ണ വേഷത്തിൽ അണിനിരന്നു.

English Summary:

Thousands of people came to Guruvayur; Queue started 9 hours ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com