നിക്ഷേപകർ അറിയാതെ 7.26 ലക്ഷം രൂപ തട്ടിയെടുത്ത പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ
Mail This Article
ഗുരുവായൂർ ∙ നിക്ഷേപകരിൽ നിന്നു സ്വീകരിച്ച 7.26 ലക്ഷം രൂപ കൃത്രിമം കാണിച്ചു പിൻവലിച്ചു സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച മറ്റം സബ് പോസ്റ്റ് ഓഫിസിനു കീഴിലെ നമ്പഴിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫിസ് ഗ്രാമീൺ ഡാക്സ് സേവക് പോസ്റ്റ്മാസ്റ്റർ കുന്നംകുളം കിഴൂർ കോതക്കൽ മനു കെ.ഉണ്ണിക്കൃഷ്ണൻ (27) അറസ്റ്റിലായി.
പൊതുജനങ്ങളിൽ നിന്നു സേവിങ്സ്, ഫിക്സഡ്, റെക്കറിങ് നിക്ഷേപങ്ങൾ സ്വീകരിച്ചു നിക്ഷേപകർ അറിയാതെ പല ഫോമിലും ഒപ്പിട്ട് വാങ്ങിയാണ് 7.26 ലക്ഷം രൂപ പിൻവലിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.സബ് ഡിവിഷനൽ ഓഫിസിൽ നിന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ നിക്ഷേപകന്റെ അക്കൗണ്ട് ഡിവൈസിലും ജേണലിലും വ്യത്യാസം കണ്ടെത്തി.
തുടർന്നു നടത്തിയ പരിശോധനയിൽ ഒട്ടേറെ അക്കൗണ്ടുകളിൽ കൃത്രിമം കണ്ടെത്തി. ഗുരുവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ എസ്ഐ എസ്.എ.ഷക്കീർ അഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉദയകുമാർ, വി.പി.സുമേഷ്, സിവിൽ പൊലീസ് ഓഫിസർ ജോസ് പോൾ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.