ADVERTISEMENT

തൃശൂർ ∙ ഏപ്രിലിൽ നടന്ന തൃശൂർ പൂരത്തിന്റെ അവസാന ചടങ്ങുകൾ അലങ്കോലമായതു സംബന്ധിച്ച വിവാദം, വീണ്ടും മുറുകുമ്പോഴും എഡിജിപി എം.ആർ.അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പു പ്രചാരണകാലത്തു നടന്ന പൂരം അലങ്കോലമാകാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അജിത്കുമാർ റിപ്പോർട്ട് സമർപ്പിക്കുകയും കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാൽ, കമ്മിഷണറെ ഉപയോഗിച്ചു പൂരം കലക്കാൻ ശ്രമിച്ചത് എഡിജിപി തന്നെയായിരുന്നെന്നു പി.വി.അൻവർ എംഎൽഎ കഴിഞ്ഞ ദിവസം ആരോപിച്ചതോടെ റിപ്പോർട്ടിന്റെ ഉള്ളടക്കം എന്തായിരുന്നുവെന്ന ചർച്ച സജീവമായി. 

പൂരവുമായി ബന്ധപ്പെട്ട ഡ്യൂട്ടികളിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥർക്കോ ഭരണമുന്നണി നേതാക്കൾക്കോ പോലും റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചു വ്യക്തതയില്ല. പൂരച്ചടങ്ങുകളിൽ ഇടങ്കോലിടുകയും പൂരപ്രേമികൾക്കു നേരെ ലാത്തിവീശുകയും എഴുന്നള്ളിപ്പു തടസ്സപ്പെടുത്തുകയും ചെയ്തതടക്കം അസാധാരണ പ്രകോപനങ്ങളുടെ പരമ്പരയാണു തൃശൂർ പൂരത്തിനിടെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. 

സുരക്ഷാ നിർദേശങ്ങളുടെ പേരിൽ കമ്മിഷണർ നൽകുന്ന ഉത്തരവുകളുടെ പ്രായോഗികത കീഴുദ്യോഗസ്ഥരിൽ ചിലർ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിഗണിച്ചില്ല. കമ്മിഷണറെ മറയാക്കി പൂരം കലക്കാൻ ആസൂത്രിത നീക്കമുണ്ടെന്നു ദേവസ്വങ്ങളും പൂരപ്രേമികളും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിനെയാണു മുഖ്യമന്ത്രി അന്വേഷണച്ചുമതല ഏൽപിച്ചത്. ഒരാഴ്ചയ്ക്കകം അജിത് കുമാർ റിപ്പോർട്ട് സമർപ്പിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീങ്ങിയിട്ടും കമ്മിഷണർ തുടർന്നതോടെ വീണ്ടും എതിർപ്പുകളുയർന്നു. ഇതിനു ശേഷമാണു സ്ഥലംമാറ്റ ഉത്തരവെത്തിയത്. 

റിപ്പോർട്ട് പുറത്തു വിടണം: സുനിൽ കുമാർ  
എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നു സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതു പകൽപോലെ വ്യക്തമാണ്. പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല,പൂരം നടത്തിപ്പിനു നേതൃത്വം നൽകിയ ചിലരും പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നു സുനിൽകുമാർ പറഞ്ഞു. 

ഇടതു മുന്നണിയുടെ അറിവോടെ: ബിജെപി 
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി പൂരം കലക്കാൻ പരിശ്രമിച്ചുവെന്നാണ് ആരോപണമെങ്കിൽ, വിഎസ്.സുനിൽകുമാർ തന്റെ നേതാവ് ബിനോയ് വിശ്വത്തെ ഒന്നു ഫോണിൽ വിളിക്കണമെന്നും  ഇടതുമുന്നണി യോഗത്തിൽ ചർച്ച ചെയ്ത് കാരണം കണ്ടെത്തണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. 

പൂരം അലങ്കോലമാക്കിയതു വി.എസ്. സുനിൽ കുമാറും മന്ത്രി കെ. രാജനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അന‍ീഷ് കുമാർ ആരോപിച്ചു. ക്ഷേത്രോത്സവങ്ങൾ തകർക്കുകയെന്നതു സിപിഎം രീതിയാണ്. സുരേഷ് ഗോപിയുടെ വിജയത്തെ അപമാനിക്കാനും പൂരം അലങ്കോലമാക്കിയതിന്റെ പാപഭാരത്തിൽ നിന്നു കൈകഴുകാനുമാണു സുനിൽ കുമാർ ആരോപണവുമായി രംഗത്തുവന്നത്.

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടും: കെ.മുരളീധരൻ
കൊല്ലം∙ തൃശൂർ പൂരത്തിലെ അട്ടിമറി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. കമ്മിഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാൻ സാധിക്കില്ലെന്നും ഇതിന്റെ പിന്നിൽ അന്തർധാരയുണ്ടെന്നും അട്ടിമറിയുടെ പിറ്റേന്നു തന്നെ താൻ പറഞ്ഞിരുന്നു.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ സുനിൽ കുമാറും യുഡിഎഫ് സ്ഥാനാർഥിയായ താനും അന്നേ ദിവസം പൂരപ്പറമ്പിൽ ഉണ്ടായിരുന്നു. പുറംവേദന എന്നു പറഞ്ഞ് പൂരം ഒഴിവാക്കിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വെടിക്കെട്ടില്ലെന്നു പൊലീസ് അറിയിച്ചപ്പോഴേക്കും സേവാഭാരതി ആംബുലൻസിൽ പൂരപ്പറമ്പിലെത്തി. വളരെ ആസൂത്രിതമായാണ് കാര്യങ്ങൾ നീക്കിയത്.അജിത്കുമാറിന് എതിരായ അന്വേഷണം അട്ടിമറിക്കാനാണ് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

English Summary:

The aftermath of the disrupted Thrissur Pooram continues to roil Kerala politics. With the inquiry report under wraps, accusations fly between political parties regarding responsibility for the chaotic events.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com