ഉത്രാട ദിനത്തിൽ കടലിൽ വലയെറിയാൻ കലക്ടറുമെത്തി
Mail This Article
കൊടുങ്ങല്ലൂർ ∙ ഉത്രാട ദിനത്തിൽ കടലിന്റെ മക്കൾക്കൊപ്പം കടലിൽ മത്സ്യബന്ധനത്തിൽ ഒപ്പം ചേർന്നു ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. അഴീക്കോട് നിന്നു കടലിൽ പോയ കൃഷ്ണ പ്രസാദം ഇൻബോർഡ് എൻജിൻ വള്ളത്തിലാണ് കലക്ടർ പങ്കാളിയായത്.ഇന്നലെ രാവിലെ അഞ്ചോടെ കലക്ടർ അർജുൻ പാണ്ഡ്യൻ അഴീക്കോട് ജെട്ടിയിൽ എത്തി. എറിയാട് സ്വദേശിയുടെ വള്ളം നേരത്തെ തയാറാക്കി നിർത്തിയിരുന്നു. അൻപതു മത്സ്യത്തൊഴിലാളികളോടൊപ്പം അഴീക്കോട് അഴിമുഖത്ത് നിന്നു 12 നോട്ടിക്കൽ മൈൽ അകലെ (22 കിലോമീറ്റർ) ഉൾക്കടൽ വരെ ആയിരുന്നു യാത്ര. കടലിൽ തൊഴിലാളികൾ വലയിടുന്നതു മുതൽ നിറയെ മത്സ്യവുമായി വല വള്ളത്തിലേക്ക് കയറ്റുന്നതു വരെ കലക്ടർ നോക്കി കണ്ടു.
5 മണിക്കൂർ നേരം കലക്ടർ വള്ളത്തിൽ ചെലവഴിച്ചു. തൊഴിലാളികൾക്കൊപ്പം അവരുടെ താളത്തിനൊത്ത് വല ഉയർത്താനും കലക്ടർ ഒപ്പം നിന്നു. തീരദേശത്തെ മത്സ്യക്ഷാമം, കോവിഡിനും പ്രളയത്തിനും ശേഷം നേരിടുന്ന പ്രതിസന്ധി, തൊഴിലാളികൾക്കുള്ള സഹായങ്ങൾ വൈകുന്നത് ഉൾപ്പെടെ ചോദിച്ചറിഞ്ഞു.തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. തിരികെ എത്തിയ കലക്ടർ കടലോര ജാഗ്രതാ സമിതി അംഗങ്ങളുമായും ചർച്ച നടത്തി. തൊഴിലാളികൾക്കൊപ്പം സെൽഫി എടുത്തും എല്ലാവർക്കും ഓണം ആശംസിച്ചുമാണ് കലക്ടർ മടങ്ങിയത്. ഫിഷറീസ് ഉദ്യോഗസ്ഥർ കലക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു.