തിരുവില്വാമല നിറമാലയ്ക്ക് ചാർത്താൻ തിരുനാവായയിലെ താമരപ്പൂക്കൾ
Mail This Article
തിരുവില്വാമല ∙ ഇന്ന് ആഘോഷിക്കുന്ന വില്വാദ്രിനാഥന്റെ നിറമാലയ്ക്കു ചന്തം ചാർത്താൻ തിരുനാവായ നിന്നു താമരപ്പൂക്കളെത്തി. ശ്രീകോവിലുകളും ചുറ്റമ്പലവും ഇന്നു താമര മാലകളാൽ അലംകൃതമാകും. രാമ–ലക്ഷ്മണ പ്രതിഷ്ഠകളിലും ശീവേലികളിൽ എഴുന്നള്ളിക്കുന്ന തിടമ്പുകളിലും താമരമാലകൾ ചാർത്തുകയും ചെയ്യും. പതിനയ്യായിരത്തോളം പൂക്കളാണു ദേവസ്വം എത്തിച്ചത്.
കുരുത്തോലകളും കുലവാഴകളും പുഷ്പഹാരങ്ങളും കൊണ്ടു കമനീയമാക്കിയ ക്ഷേത്ര സന്നിധാനം ഇന്നു പൂരപ്രേമികളാൽ നിറയും. മറ്റൊരു ഉത്സവകാല സമൃദ്ധി കാംക്ഷിച്ചു വില്വാദ്രിനാഥനു മുന്നിൽ വാദ്യാർച്ചന നടത്താൻ പ്രഗത്ഭരായ കലാകാരൻമാർ നിരക്കുന്ന ശീവേലികൾ ആസ്വാദകർക്കു മുന്നിൽ നാദവിസ്മയം തീർക്കും.
എഴുന്നള്ളിപ്പുകളിൽ നിരക്കാനും വില്വാദ്രിനാഥനെ വണങ്ങാനുമായി എത്തിക്കുന്ന ആനകൾ കാണികൾക്കു വിരുന്നാകും. പ്രഭാതശീവേലിക്കു കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളവും വൈകിട്ട് കാഴ്ചശീവേലിക്കു കുനിശേരി അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും അരങ്ങേറും. 12ന് തിരുവില്വാമല മാളവിക എച്ച്.വാരിയരുടെ ഓട്ടൻതുള്ളൽ, വൈകിട്ട് 5.30നു നാഗസ്വര കച്ചേരി,
6നു വിളക്കുവയ്പ്, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, രാത്രി 7നു പാലക്കാട് കെ.എൽ.ശ്രീറാമിന്റെ സംഗീത പരിപാടി, 8.30നു പാലപ്പുറം നാട്യകലയുടെ നൃത്തം, 9ന് ആറങ്ങോട്ടുകര ശിവൻ, ശുകപുരം ദിലീപ്, കല്ലൂർ ജയൻ എന്നിവർ ചേർന്ന തായമ്പക, 12നു മദ്ദള കേളി എന്നിവയും നടക്കും.