കളിപ്പാട്ടത്തിന്റെ അവശിഷ്ടം വയറ്റിൽ കുടുങ്ങി; അനുവിന്റെ ഓമന തുർഗുത്ത് യാത്രയായി
Mail This Article
വേലൂർ∙ കശ്മീർ താഴ്‌വരയിലെ ഷികാര ബോട്ടിങ്ങിലും ലഡാക്കിലെ സീറോ പോയിന്റിലെ ഐസ് സ്കേറ്റിങ്ങിലും ഉടമയുടെ കാലടികളെ പിന്തുടർന്ന അരുമയായ നായ അനുവിനെ കണ്ണീരിലാഴ്ത്തി യാത്രയായി. തയ്യൂർ ചിങ്ങപുരത്ത് അനു നായരുടെ അരുമകളായ 3 നായ്ക്കളിൽ ഒന്നായ തുർഗുത്ത് എന്ന വിളിക്കുന്ന റോട്ട്‌വീലർ വിഭാഗത്തിൽപ്പെട്ട 4 വയസ്സുള്ള നായയാണ് കഴിഞ്ഞ ദിവസം ജിവന്‍ വെടിഞ്ഞത്.
ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളുടെ കളിപ്പാട്ടത്തിന്റെ അവശിഷ്ടം വയറ്റിൽ കുടുങ്ങിയതായിരുന്നു കാരണം. തുടർന്ന് തൃശൂരിലെ പെറ്റ് ക്ലിനിക്കിൽ ശസ്ത്രക്രിയ നടത്തിയെങ്കിലുംരക്ഷിക്കാനായില്ല. ഒട്ടേറെ തവണ അനുവിനൊപ്പം വിമാനയാത്രകളും നടത്തിയിട്ടുണ്ട് തുർഗുത്ത്. തുർഗുത്തുമായി നടത്തിയ ലഡാക്കിലെ ഐസ് സ്കേറ്റിങ്ങിന്റെ വിഡിയോ ലക്ഷക്കണക്കിന് പേർ കണ്ടിരുന്നു.
ഡൽഹിയിലെ പ്രമുഖ സ്കൂളിൽ അധ്യാപികയായ അനുവിന് തുർഗുത്ത് നായകുട്ടിയെ ലഭിച്ചത് 6 മാസം പ്രായമുള്ളപ്പോഴായിരുന്നു. 2 വർഷം മുൻപ് വിവാഹിതയായി തയ്യൂരിലെ വീട്ടിലേക്ക് എത്തിയപ്പോൾ തുർഗുത്തിനെയും ഷീറ്റ്ഷു ഇനത്തിൽപ്പെട്ട ഷെറി, ബീഗിൾ ഇനത്തിൽപ്പെട്ട ബ്രൂണോ എന്നീ നായ്ക്കളെയും ഒപ്പം കൊണ്ടുവരികയായിരുന്നു. ട്രെയിനിൽ പ്രത്യേകം കാബിൻ തയാറാക്കിയാണ് നായ്ക്കളെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്.